ഗർഭിണിയായ യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. വയനാട് സ്വദേശിയായ ദർശനയാണ് കുഞ്ഞുമായി പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർത്താവിൽ നിന്നും യുവതി നിരന്തര പീഡനങ്ങൾ നേരിട്ടിരുന്നതായി യുവതിയുടെ വീട്ടുകാർ പറയുന്നു. ആത്മഹത്യ ചെയ്യുന്ന സമയത്ത് യുവതി നാല് മാസം ഗർഭിണിയായിരുന്നെന്നും ഭർത്താവും കുടുംബവും ഗർഭഛിദ്രത്തിന് നിർബന്ധിച്ചതു മൂലമുണ്ടായ മാനസിക സമർദ്ദം യുവതിയെ തകർത്തുവെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദർശനയ്ക്ക് സർക്കാർ ജോലി ലഭിക്കുന്നതിനു തൊട്ടു മുൻപാണ് യുവതി ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച ശേഷം അഞ്ചുവയസ്സുകാരി മകളുമായി യുവതി പുഴയിൽ ചാടുകയായിരുന്നു. വലിയ മാനസിക വിഷമമാണ് മകൾ അനുഭവിച്ചിരുന്നതെന്നും ദർശനയുടെ മാതാപിതാക്കൾ പറയുന്നു. ഭർത്താവിൻ്റെ പീഡനം കാരണം മൂന്നു ജീവനുകളാണ് തങ്ങൾക്ക് നഷ്ടപ്പെട്ടതെന്നും അവർ വ്യക്തമാക്കുന്നു. ഇതിനുമുൻപ് രണ്ടു തവണ ദർശന അബോർഷനായിട്ടുണ്ട്. ഇത്തവണ ഗർഭിണിയായപ്പോഴും കുട്ടി വേണ്ട എന്ന നിലപാടിലായിരുന്നു ഭർത്താവും ഭർത്താവിൻ്റെ വീട്ടുകാരും. ഇതിനായി നിരന്തര സമ്മർദ്ദം ചെലുത്തിയിരുന്നു.
നാലുമാസം ആയപ്പോഴേക്കും സമ്മർദ്ദം വർദ്ധിച്ചു. അബോർഷൻ ചെയ്യാനുള്ള കാലയളവ് കഴിഞ്ഞതൊന്നും അവർക്ക് പ്രശ്നമല്ലായിരുന്നു. ജൂലെെ 13നാണ് ദർശന വിഷം കഴിച്ച ശേഷം അഞ്ചുവയസ്സുകാരി മകൾക്കൊപ്പം വെണ്ണിയോട് പുഴയിൽ ചാടിയത്. പിറ്റേന്ന് ആശുപത്രിയിൽ വച്ചാണ് ദർശന മരിച്ചത്. മകളുടെ മൃതദേഹം സംഭവം നടന്ന് നാലാം നാളാണ് പുഴയിൽ നിന്ന് കണ്ടെടുത്തത്. ഭർത്താവ് വെണ്ണിയോട് സ്വദേശി ഓംപ്രകാശും പിതാവ് ഋഷഭരാജനും ദർശനയെ മർദ്ദിച്ചിരുന്നതായും യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നു.
ഭർത്താവ് മർദ്ദിക്കുന്ന കാര്യം ഭർത്താവിൻ്റെ പിതാവിന് അറിയാമായിരുന്നു. ഭർത്താവ് മർദ്ദിക്കുന്നത് കാണുമ്പോൾ ഒരു കാരണവുമില്ലാതെ ഭർത്താവിൻ്റെ പിതാവും ദർശനയെ മർദ്ദിക്കുമായിരുന്നു. ഇക്കാര്യത്തിൽ തങ്ങൾ പരാതി നൽകിയിരുന്നു എന്നും ദർശനയുടെ വീട്ടുകാർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊലീസിൻ്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ലെന്നും അവർ പറയുന്നു. സ്വന്തം മകളുടെ ഭാവിയെ കരുതിയാണ് ദർശന തിരികെ ഭർതൃ വീട്ടിലേക്ക് പോയതെന്ന് ദർശനയുടെ മാതാപിതാക്കൾ വ്യക്തമാക്കുന്നു. ഇതിനിടെ ദർശന അനുഭവിച്ച മാനസിക പീഡനത്തിന് തെളിവായി ഭർതൃ പിതാവിൻ്റെ ഓഡിയോ റിക്കോർഡിംഗും ദർശനയുടെ കുടുംബം പുറത്തു വിട്ടിട്ടുണ്ട്.
Post Your Comments