തിരുവനന്തപുരം: പുതുപ്പള്ളിയിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. പല പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും ചാണ്ടി ഉമ്മന് തന്നെയാകും നറുക്ക് വീഴുക എന്നാണ് സൂചന. ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാമെന്ന തീരുമാനത്തിനാണ് പിന്തുണ കൂടുത. ഔദ്യോഗിക തീരുമാനം പിന്നീട് പ്രഖ്യാപിക്കും. കുടുംബത്തിന്റെ അഭിപ്രായം കൂടി കോൺഗ്രസ് നേതൃത്വം തേടിയേക്കും.
നിലവിൽ യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനാണ് ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ പാർട്ടി ഘടകങ്ങൾ സജീവമാക്കാനും കോൺഗ്രസ് തീരുമാനിച്ചു. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. അടുത്ത കെപിസിസി ഭാരവാഹി യോഗത്തിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകും. ഉപതെരഞ്ഞെടുപ്പ് വൈകാനിടയില്ലെന്ന് വിലയിരുത്തുന്ന സിപിഎമ്മിന്‍റെ ആദ്യപരിഗണനയിൽ ജെയ്ക്ക് സി തോമസാണുള്ളത്.
ഉമ്മൻചാണ്ടിയുടെ വിയോഗ ശേഷം ഇനിയാരെന്നാണ് ചോദ്യം. കോൺഗ്രസ് നേതാക്കളോ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളോ ഇക്കാര്യത്തിൽ ഒരു പ്രതികരണത്തിനും ഇതുവരെ തയ്യാറായിട്ടില്ലെങ്കിലും ചര്‍ച്ചകൾ സജീവമാണ്. വിലാപയാത്രയിലുടനീളം ഉമ്മൻ ചാണ്ടിക്ക് കിട്ടിയ ജനസ്വീകാര്യത പുതുപ്പള്ളിക്ക് പുറത്തും പാര്‍ട്ടിക്കരുത്താക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്, ചാണ്ടി ഉമ്മാനെ തന്നെ പരിഗണിക്കുമെന്നാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്.
Leave a Comment