തുടർച്ചയായ നാലാം തവണയും ഭൂമിക്ക് മുകളിലായുള്ള ഭ്രമണപഥം വിജയകരമായി ഉയർത്തി ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3. ഭ്രമണപഥം ഉയർത്തുന്നതിൽ ഇനി ഒരു ഘട്ടം മാത്രമാണ് അവശേഷിക്കുന്നത്. ഈ ഘട്ടം ജൂലൈ 25ന് ഉച്ചയ്ക്ക് 2:00 മണിക്കും 3:00 മണിക്കും ഇടയിൽ പൂർത്തിയാക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. 25ന് വീണ്ടും ഭ്രമണപഥം ഉയർത്തുന്നതോടെ, ചന്ദ്രയാൻ ഭൂമിയുടെ കാന്തികവലയം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള കുതിപ്പിന് തുടക്കമിടും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചാലും, നിലവിലുള്ളത് പോലെ ഘട്ടം ഘട്ടമായാണ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക.
പേടകം ചന്ദ്രനിലേക്ക് എത്തുന്നതിനു മുൻപ് പേടകത്തിന്റെ ഭ്രമണപഥം ക്രമേണ വലുതാക്കുക എന്നതാണ് ലക്ഷ്യം. പ്രത്യേക സർക്യൂട്ട് റൂട്ട് പിന്തുടർന്നതിനു ശേഷമാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രയാൻ 2-ലെ കാര്യങ്ങൾ വിലയിരുത്തിയതിനുശേഷം, നിരവധി മാറ്റങ്ങളാണ് ചന്ദ്രയാൻ 3-ൽ വരുത്തിയിട്ടുള്ളത്. പേടകത്തിന്റെ പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകൾ ഇത്തവണ കൂടുതൽ ബലപ്പെടുത്തിയിട്ടുണ്ട്. ഓർബിറ്റിന് പകരം, പ്രൊപ്പൽഷൻ മോഡ്യൂളാണ് ഇത്തവണ ലാൻഡറിനെയും റോവറിനെയും തൊട്ടടുത്ത് എത്തിക്കുന്നത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതോടെ റോവർ ഇതിൽ നിന്നും വേർപെടുന്നതാണ്.
Post Your Comments