പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണിന് വീണ്ടും തിരിച്ചടി. കമ്പനി പുറത്തിറക്കിയ പൗഡർ ഉപയോഗിച്ച് അർബുദം ബാധിച്ച യുവാവിന്റെ പരാതിയെ തുടർന്ന് കോടികളാണ് ഇത്തവണ കമ്പനിക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. കാലിഫോർണിയയിലെ യുവാവാണ് പരാതി നൽകിയത്. ചെറുപ്പം മുതൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ബേബി പൗഡർ ഉപയോഗിച്ചതിനാൽ, ഹൃദയത്തിനെ ബാധിക്കുന്ന മെസോതെലിയോമ എന്ന മാരക അർബുദം പിടിപെട്ടുവെന്നാണ് പരാതി.
പരാതിയെ തുടർന്ന് 154 കോടി രൂപയാണ് കോടതി പിഴ ചുമത്തിയത്. യുവാവിന്റെ മെഡിക്കൽ ചെലവുകൾക്കും, അദ്ദേഹത്തിന് സഹിക്കേണ്ടി വന്ന വേദനകൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, നിലവിലെ വിധിക്കെതിരെ അപ്പീൽ നൽകാൻ ജോൺസൺ ആൻഡ് ജോൺസൺ വക്താക്കൾ തീരുമാനിച്ചിട്ടുണ്ട്. കമ്പനി പുറത്തിറക്കുന്ന പൗഡർ സുരക്ഷിതമാണെന്നും, അവ ആരോഗ്യത്തിന് ഹാനികരമല്ലെന്നുമാണ് കമ്പനിയുടെ വാദം.
Also Read: തൊടുപുഴയിൽ ഡ്യൂട്ടി കഴിഞ്ഞു വന്ന നഴ്‌സിന് നേരെ ലൈംഗികാക്രമണം
ഇതിനുമുൻപും സമാനമായ രീതിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരവധി രാജ്യങ്ങൾ ഇതിനോടകം കമ്പനിയുടെ ബേബി പൗഡറുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ 38,000 കേസുകളാണ് കമ്പനിക്കെതിരെ ഉയർന്നത്. ഇവ ഒത്തുതീർപ്പാക്കാനായി 890 കോടി ഡോളർ മാറ്റിവയ്ക്കാമെന്ന് കമ്പനി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Post Your Comments