വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ്

കോഴിക്കോട്: 22 കാരിയായ യുവതിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് പിതാവ്. കായക്കൊടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ(22) മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിൻ്റെ മുൻപിലെത്തിച്ച് ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ചന്ദ്രൻ പൊലീസിൽ പരാതി നൽകി. മകള്‍ ആദിത്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ചന്ദ്രന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചന്ദ്രൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

ജൂലായ് 13-നാണ് കേസിനാസ്പദമായ സമഭാവം നടന്നത്. കോഴിക്കോട് ഗണപതിക്കുന്നിലെ വാടക വീട്ടിലെ മുറിയിൽ ആദിത്യ ചന്ദ്രയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആദിത്യയുടെ കൂടെ മാവൂർ സ്വദേശിയും താമസിച്ചിരുന്നു. മരണം സംഭവിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മാവൂർ സ്വദേശിയെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. ഇതും പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മാവൂർ സ്വദേശി അമൽ മുഹമ്മദിനെ ചോദ്യം ചെയ്യാത്തതെന്താണെന്നും, അയാൾക്കെതിരെ നടപടികൾ സ്വീകരിക്കാത്തതെന്താണെന്നും ചന്ദ്രൻ പരാതിയിൽ ചോദിക്കുന്നുണ്ട്.

മരണത്തിലെ ദുരൂഹത മാറ്റണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മിഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്കും പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ആദിത്യയുടെ ദുരൂഹമരണത്തില്‍ പട്ടികജാതി സംരക്ഷണനിയമം അനുസരിച്ച് കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഷൈനു ആവശ്യപ്പെട്ടു. പെണ്‍കുട്ടി മരിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് അന്വേഷണം നടത്താത്തത് ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്നും പോലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Share
Leave a Comment