കൊല്ലം: 11 ഗ്രാം എംഡിഎംഎയും 80000 രൂപയുമായി യുവാവ് പൊലീസ് പിടിയിൽ. ചാത്തന്നൂർ കാരംകോട് വരിഞ്ഞം കുളന്തുങ്കര വീട്ടിൽ റിൻസൺ.ആർ.എഡിസൺ ആണ് പിടിയിലായത്. റൂറൽ ഡാൻസാഫ് ടീമും ഈസ്റ്റ് കല്ലട പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം അഞ്ചിനാണ് ഇയാൾ പിടിയിലായത്. രണ്ടു ദിവസം മുമ്പ് കുണ്ടറയിൽ 82 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിലായിരുന്നു. ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വിവരശേഖരണത്തിന് ഒടുവിലാണ് ഇയാൾ പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി എം.എൽ.സുനിലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇയാളുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിൽ എംഡിഎംഎയുമായി ചില്ലറ വില്പനയ്ക്കായി വരവേയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ചു വെച്ച 11 ഗ്രാം എംഡിഎംഎയും വില്പന നടത്തിയ ഇനത്തിൽ സ്കൂട്ടറിൽ ഉണ്ടായിരുന്ന 80000 രൂപയും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ ഈസ്റ്റ് കല്ലട ഇൻസ്പെക്ടർ സുധീഷ് കുമാർ, എസ്ഐ പ്രദീപ് കുമാർ,ജി. എസ്ഐ ബിന്ദുലാൽ, ഡാൻസാഫ് എസ്ഐ ജ്യോതിഷ് ചെറുവത്തൂർ, ഡാൻസാഫ് ടീം അംഗങ്ങളായ എഎസ്ഐ രാധാകൃഷ്ണൻ, സിപിഒ മാരായ സാജു, വിപിൻ ക്ലീറ്റസ്, ദിലീപ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments