ഓച്ചിറ: മുക്കുപണ്ടം പണയംവെച്ച് 80,000 രൂപ തട്ടിയെടുത്തതായി പരാതി. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം വിജയവിഹാറിൽ അമ്പിളി വിജയകുമാറിന്റെ ഉടമസ്ഥതയിൽ ഓച്ചിറ രാഗം ജങ്ഷനിൽ പ്രവർത്തിക്കുന്ന കളീയ്ക്കൽ ഫൈനാൻസിയേഴ്സിൽ ആണ് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്.
കഴിഞ്ഞ 13-ന് വൈകിട്ട് നാലോടെയാണ് സംഭവം. കാറിലെത്തിയ രണ്ടുപേർ 80 ഗ്രാം മുക്കുപണ്ടം പണയംവെച്ച് 80,000 രൂപ തട്ടിയെടുക്കുകയായിരുന്നു. വ്യാജ ആധാർ കാർഡും ഫോൺ നമ്പരും നൽകിയാണ് പണം തട്ടിയത്. പണയ വസ്തുവിൽ സംശയം തോന്നിയതിനെ തുടർന്ന് അടുത്ത ദിവസം പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണന്ന് കണ്ടെത്തിയത്.
പണയം വെച്ചയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നമ്പർ നിലവിലില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആധാർ കാർഡിലെ മേൽവിലാസവും വ്യാജമാണെന്ന് തെളിഞ്ഞു.
തുടർന്ന്, സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തട്ടിപ്പിന് ഉപയോഗിച്ച കാർ അടിമാലി സ്വദേശിയുടേതാണ് തിരിച്ചറിഞ്ഞു. കാർ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ, ഓച്ചിറ പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
Post Your Comments