കോഴിക്കോട്: സസ്‌പെന്‍ഡ് ചെയ്യപ്പെട്ട താമരശേരി മുന്‍ എം എല്‍ എ ജോര്‍ജ്ജ് എം തോമസിനെതിരെ ഗുരുതര ആരോപണങ്ങൾ. പോക്സോ കേസ് പ്രതിയെ കേസിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചെന്നും, ക്വാറി ഉടമകളില്‍ നിന്നും വ്യാപകമായ പണിപ്പിരിവ് നടത്തിയെന്നുമടക്കം നിരവധി ആരോപണങ്ങളാണ് ജോര്‍ജ്ജ് എം തോമസിനെതിരെ ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ സി പി എമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
പോക്‌സോ കേസില്‍ സി പിഎം അനുഭാവി കുടുംബത്തിലെ 13 കാരിയായിരുന്നു പരാതിക്കാരി. കോണ്‍ഗ്രസ് പ്രവാസി സംഘടനാ നേതാവിനെതിരെയായിരുന്നു പെൺകുട്ടി പരാതി നൽകിയിരുന്നത്. ജോര്‍ജ്ജ് എം തോമസ് എം എല്‍ എ ആയിരുന്നപ്പോള്‍ ആ സ്വാധീനം ഉപയോഗപ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതാവിനെ പോക്‌സോ കേസില്‍ നിന്നും രക്ഷിച്ചത്. ഇയാളെ പോക്‌സോ കേസില്‍ നിന്നും രക്ഷപെടുത്താന്‍ ജോർജ്ജ് ശ്രമം നടത്തിയെന്നാണ് ഉയരുന്ന ആരോപണം. പൊലീസിനെ സ്വാധീനിച്ച് കോണ്‍ഗ്രസ് നേതാവിന്റെ കേസൊഴിവാക്കുകയും പകരം മറ്റൊരാളെ പ്രതിയാക്കി ചേര്‍ക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം ക്വാറി ഉടമാസംഘടന നേതാവെന്ന നിലയില്‍ വ്യാപകമായി ഇവരില്‍ നിന്നും പണം പിരിച്ചുവെന്നുമുള്ള ആരോപണവും ഉയര്‍ന്നു. ജോര്‍ജ്ജ് എം തോമസ് പണിത പുതിയ വീടിനായി വ്യാപകമായി പണം പിരിച്ചുവെന്നും വീട്ടിലേക്ക് വേണ്ട ഫര്‍ണീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ കോഴിക്കോടുള്ള ചില കച്ചവടക്കാരെ ഭീഷണിപ്പെടുത്തി വാങ്ങുകയായിരുന്നുവെന്നും പാര്‍ട്ടി അന്വേഷണത്തിൽ വ്യക്തമായിരുന്നു. തുടർന്നായിരുന്നു ഇയാളെ സസ്‌പെൻഡ് ചെയ്തത്.
Post Your Comments