തിരുവനന്തപുരം-കൊല്ലം റൂട്ടിൽ പാസഞ്ചർ, മെമു ട്രെയിൻ സർവീസ് വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് യാത്രക്കാർ. രണ്ട് ജില്ലകൾക്കും ഇടയിൽ ആകെ 16 സ്റ്റേഷനുകളാണ് ഉള്ളത്. ഈ റൂട്ടിൽ കുറഞ്ഞ സർവീസ് മാത്രം ഉള്ളതിനാൽ സാധാരണ യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. കോവിഡിന് മുൻപ് വരെ ഒരു മെമു അടക്കം നാല് പാസഞ്ചർ ട്രെയിനുകളാണ് ഈ റൂട്ടിലൂടെ സർവീസ് നടത്തിയിരുന്നത്. എന്നാൽ, കോവിഡിന്റെ പശ്ചാത്തലത്തിൽ ഇവയിൽ ചിലത് റദ്ദ് ചെയ്തതോടെയാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. പ്രധാനമായും ദിവസ വേതനത്തിന് ജോലിക്ക് പോകുന്ന രണ്ട് ജില്ലകളിലെയും സാധാരണക്കാരെ ഇത് ബാധിച്ചിട്ടുണ്ട്.
വൈകിട്ട് 6.50-ന് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന കൊല്ലം മെമുവാണ് എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുള്ള അവസാന ട്രെയിൻ. കൂടാതെ, കൊല്ലത്തുനിന്നും യാത്ര പുറപ്പെടുന്ന അവസാന പാസഞ്ചർ ട്രെയിൻ വൈകിട്ട് 3.55-നാണ്. അടുത്തിടെ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റാറ്റസ് മാറ്റി സ്പെഷൽ എന്ന പേരിൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും, ചില സ്റ്റേഷനുകളിലെ സ്റ്റോപ്പുകൾ നിർത്തലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാവിലെ എട്ട് മണിക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന തരത്തിലും, തിരികെ പോകാൻ രാത്രി 9.30-ന് പുറപ്പെടുന്ന തരത്തിലും എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉളള പാസഞ്ചർ/ മെമു ട്രെയിനുകൾ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Also Read: ഇന്ന് കർക്കടക വാവ്, പിതൃസ്മരണയിൽ വിശ്വാസികൾ! ബലിതർപ്പണം തുടങ്ങി
Post Your Comments