വ്യാപാര ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിൽ ഒപ്പ് വെച്ച് ഇന്ത്യയും യുഎഇയും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മൊഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനുമായി അബുദാബിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാടുകൾക്ക് ഇന്ത്യൻ രൂപയും, യുഎഇ ദിർഹവും ഉപയോഗിക്കാൻ സാധിക്കും. ഇതിനായുള്ള പ്രത്യേക ചട്ടക്കൂട് ഉടൻ രൂപീകരിക്കുന്നതാണ്.
ഇടപാടുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രങ്ങളിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസും, യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മൊഹമ്മദ് ബലമയുമാണ് ഒപ്പുവെച്ചത്. ഇതിനോടൊപ്പം ഇന്ത്യയുടെ ഏകീകൃത ഓൺലൈൻ പണമിടപാട് സംവിധാനവും, യുഎഇയുടെ പണമിടപാട് സംവിധാനവും ബന്ധിപ്പിക്കുന്നതാണ്. സാമ്പത്തിക മേഖലയ്ക്ക് പുറമേ, വിദ്യാഭ്യാസ മേഖലയിലെ ബന്ധവും ദൃഢമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അബുദാബിയിൽ ഐഐടി ഡൽഹിയുടെ ക്യാമ്പസ് ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും, അബുദാബി വിദ്യാഭ്യാസ വകുപ്പും ഇതിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
Post Your Comments