ഓൺലൈനിൽ നിന്നും സാധനം വാങ്ങുമ്പോഴും വിൽക്കുമ്പോഴും വിവിധ പ്രശ്നങ്ങൾ നേരിടുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ വില കൂടിയ ക്യാമറ ലെൻസ് ഓർഡർ ചെയ്ത് വെട്ടിലായിരിക്കുകയാണ് അരുൺ കുമാർ എന്ന യുവാവ്. ആമസോണിൽ നിന്ന് 90,000 രൂപയോളം വിലമതിക്കുന്ന ക്യാമറ ലെൻസാണ് അരുൺ കുമാർ ഓർഡർ ചെയ്തത്. എന്നാൽ, ലെൻസിന് പകരം പാർസലിൽ നിന്നും ലഭിച്ചത് ഒരു പാക്കറ്റ് നിറയെ ക്വിനോവ വിത്തുകളാണ്. സ്പെയിനിൽ കണ്ടുവരുന്ന പ്രത്യേകതരം വിഭാഗത്തിൽപ്പെടുന്ന കടല വിത്തുകളാണ് ക്വിനോവ.
ജൂലൈ 5-നാണ് യുവാവ് സിഗ്മ 24-70 എഫ് 2.8-ന് ആമസോണിൽ ഓർഡർ നൽകിയത്. ഓർഡർ ചെയ്ത് അധികം വൈകാതെ തന്നെ ഡെലിവറി എത്തുകയും ചെയ്തിരുന്നു. എന്നാൽ, ബോക്സ് തുറന്ന് നോക്കിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം യുവാവ് തിരിച്ചറിയുന്നത്. ഇതിനെതിരെ യുവാവ് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉടൻ തന്നെ ഓർഡർ ചെയ്ത ലെൻസ് എത്തിക്കുകയോ, പൈസ തിരിച്ചു തരികയോ ചെയ്യണമെന്നാണ് യുവാവിന്റെ ആവശ്യം. ആമസോണിനെ ടാഗ് ചെയ്ത് അരുൺ കുമാർ ട്വിറ്ററിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.
Post Your Comments