ന്യൂഡല്‍ഹി: സർക്കാരിനെതിരായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വിവര സാങ്കേതിക നിയമം (ഐടി) ഭേദഗതി ചെയ്ത നടപടിയില്‍ കേന്ദ്രത്തെ വിമർശിച്ച് ബോംബൈ ഹൈക്കോടതി. അസാധാരണമായ ഒന്നാണ് ഐടി നിയമ ഭേദഗതി എന്നും ഉറുമ്പിനെ കൊല്ലാൻ ചുറ്റികയുടെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
ഈ ഭേദഗതിയുടെ ആവശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, നീലാ ഗോഖലെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വ്യാജനോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഏതെന്ന് തീരുമാനിക്കാൻ സർക്കാരിന് പൂർണാധികാരം നല്‍കുന്നതിനെ കുറിച്ച് മനസിലാകുന്നില്ല എന്നും കോടതി പറഞ്ഞു.
ജനാധിപത്യ പ്രക്രിയയിൽ പൗരനെപ്പോലെ സർക്കാരും പങ്കാളിയാണ്. അതുകൊണ്ട് പൗരന് ചോദ്യങ്ങൾ ചോദിക്കാനും മറുപടി ആവശ്യപ്പെടാനുമുള്ള മൗലികാവകാശമുണ്ട്. മറുപടി നല്‍കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി.
ഭേദഗതി പ്രകാരം സ്ഥാപിക്കുന്ന ഫാക്‌ട് ചെക്കിങ് യൂണിറ്റിൽ (എഫ്‌സിയു) ആരാണ് വസ്തുത പരിശോധിക്കുന്നതെന്നും കോടതി ചോദിച്ചു. ഭേദഗതി അമിതാധികാരമാണെന്ന ഹർജിക്കാരുടെ വാദത്തെ കോടതി അംഗീകരിച്ചു. ഏതെങ്കിലും തലത്തിൽ സമൂഹമാധ്യമങ്ങളിൽ വരുന്നവയുടെ വസ്തുത പരിശോധിക്കണമെന്നും കോടതി പറഞ്ഞു.
ഐടി ഭേദഗതിക്ക് എതിരെ കൊമേഡിയൻ കുനാൽ കംമ്ര, എഡിറ്റേഴ്സ് ഗ്വിൽഡ്, ഇന്ത്യൻ മാഗസിൻസ് അസോസിയേഷൻ എന്നിവർ നല്‍കിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ഹർജിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത 27ന് കേന്ദ്രത്തിന്റെ വാദങ്ങൾ കോടതിയിൽ സമർപ്പിക്കും.
Post Your Comments