വടക്കാഞ്ചേരി: വാഴക്കോട് കാട്ടാനയെ ഒരുകൊമ്പ് മുറിച്ച് കുഴിച്ചിട്ട സംഭവത്തില്‍ കേന്ദ്ര അന്വേഷണം. കേന്ദ്ര വന്യജീവി ക്രൈം കണ്‍ട്രോള്‍ ബ്യൂറോ സംഘം വാഴക്കോടെത്തി തെളിവുകള്‍ ശേഖരിച്ചതിനൊപ്പം ഇത് സംബന്ധിച്ച പ്രാഥമിക വിവരങ്ങളും സംസ്ഥാന വനംവകുപ്പില്‍ നിന്ന് തേടി.
Read Also: രാഖിയെ കുടുക്കിയത് ‘കളക്ടറുടെ ഒപ്പ്’, എല്ലാം ചെയ്തത് മൊബൈലിൽ! ഞെട്ടലിൽ ഭർത്താവ്
സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ വനംവകുപ്പ് നീക്കം ആരംഭിച്ചു. മണിയഞ്ചിറ റോയിയുടെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തില്‍ വെള്ളിയാഴ്ചയാണ് ആനയുടെ ജഡം കണ്ടെത്തിയത്. കേസില്‍ പത്ത് പേരെങ്കിലും പ്രതികളാകും. സംഭവത്തില്‍ വനമന്ത്രി എ.കെ. ശശീന്ദ്രനും അടിയന്തര റിപ്പോര്‍ട്ട് തേടി. പ്രാഥമിക റിപ്പോര്‍ട്ടിന് ശേഷമാകും കേസില്‍ ഇടപെടുന്നതില്‍ കേന്ദ്ര വന്യജീവി ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ അന്തിമ തീരുമാനമുണ്ടാകുക.
കേസില്‍ റോയിക്ക് പ്രാദേശിക സഹായം ലഭിച്ചതായി വനംവകുപ്പ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പ്രദേശവാസികളായ രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രതിപ്പട്ടിക വിപുലീകരിക്കുന്നത്.
മലയാറ്റൂരില്‍ ആനക്കൊമ്പുമായി പിടിയിലായ അഖിലിനെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ കാര്യസ്ഥന്റെ ഇടപെടല്‍ ഉള്‍പ്പെടെ അഖില്‍ വ്യക്തമാക്കിയിരുന്നു. കാട്ടാനയെ കൊന്ന് കൊമ്പെടുത്ത സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായി അഖില്‍ മൊഴി നല്‍കി.
റോയിക്ക് പുറമെ കാര്യസ്ഥന്‍ ടെസി വര്‍ഗീസ്, ജിന്റോ, കുമളി സ്വദേശി സെബി, പട്ടിമറ്റം സ്വദേശികളായ അഖില്‍ മോഹന്‍, പി.എ. അനീഷ്, ആലപ്പുഴ സ്വദേശി ശ്യാംലാല്‍, മാവേലിക്കര സ്വദേശി വി.ആര്‍. അനീഷ് കുമാര്‍ എന്നിവരെ ഉള്‍പ്പെടെയാണ് കേസില്‍ പ്രതി ചേര്‍ക്കുക. അഖില്‍ മുള്ളൂര്‍ക്കരയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പാലായിലെ സുഹൃത്തുക്കളെയാണ് സ്ഥലമുടമ ആനയുടെ ജഡം മറവ് ചെയ്യാന്‍ വിളിച്ചത്. എന്നാല്‍, അവരെത്തുന്നതിന് മുമ്പ് അഖില്‍ പകുതി കൊമ്പ് മുറിക്കുകയായിരുന്നു. റോയ് അറിയാതെയാണ് കൊമ്പ് മുറിച്ചതെന്ന് അഖില്‍ മൊഴി നല്‍കിയിരുന്നു. മുറിച്ചെടുത്ത കൊമ്പ് തോട്ടത്തില്‍ ഒളിപ്പിച്ചശേഷം പിന്നീട് കടത്തുകയായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍, അന്വേഷണസംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
Post Your Comments