രാജ്യത്ത് വൈദ്യുത വാഹന നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങി പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളായ ബി.വൈ.ഡി (ബിൽഡ് യുവർ ഡ്രീംസ്). ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർസുമായി കൈകോർത്താണ് പദ്ധതിക്ക് രൂപം നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 8,200 കോടി രൂപ ചെലവിൽ ഹൈദരാബാദിൽ നാല് ചക്രവാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട പദ്ധതിയുടെ വിവരങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപത്തിന് മുൻകൂർ അനുമതി നേടണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. അതിനാൽ, പദ്ധതിക്കായുള്ള അനുമതി ലഭിക്കാൻ കാലതാമസം നേരിടേണ്ടി വന്നേക്കുമെന്നാണ് സൂചന. ഇന്ത്യൻ വാഹന വിപണിയിൽ കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച ആധിപത്യം നേടാൻ ബി.വൈ.ഡിക്ക് സാധിച്ചിട്ടുണ്ട്. 2022ൽ മാത്രം കമ്പനിയുടെ 18.6 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചിരിക്കുന്നത്. ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കുന്നതോടെ കൂടുതൽ വിപണി വിഹിതം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Post Your Comments