ന്യൂഡൽഹി: കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത റേഷൻകടയുടമകൾക്ക് കമ്മീഷൻ നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാനസർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് അപ്പീൽ തള്ളിയത്.
2020 ഏപ്രിൽ ആറിനാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാനസർക്കാർ ഉത്തരവിട്ടത്. ഒരു കിറ്റിന് അഞ്ച് രൂപ നിരക്കിൽ റേഷൻകട ഉടമകൾക്ക് കമ്മീഷൻ നൽകാൻ 2020 ജൂലായ് 23ന് തീരുമാനിച്ചു. എന്നാൽ, രണ്ട് മാസം മാത്രമേ കമ്മീഷൻ നൽകിയുള്ളൂ. ബാക്കി 11 മാസത്തെ കമ്മീഷൻ ആവശ്യപ്പെട്ട് റേഷൻകടയുടമകൾ നൽകിയ ഹർജിയിലാണ് അവർക്കനുകൂലമായി ഹൈക്കോടതിയുടെ വിധിയുണ്ടായത്.
കമ്മീഷൻ നൽകാൻ സമയപരിധിയും ഹൈക്കോടതി നിശ്ചയിച്ചിരുന്നു. പിന്നീട് ഈ സമയപരിധി നീട്ടി നൽകിയിട്ടും കമ്മീഷൻ നൽകാതെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments