Latest NewsIndiaNews

ചാന്ദ്രസ്വപ്നങ്ങൾക്കായി ഇനി മണിക്കൂറുകള്‍ മാത്രം! ഉറ്റു നോക്കി ലോകം, അറിയാം ചന്ദ്രയാന്‍ 1 മുതലുള്ള ചരിത്ര വഴികള്‍ 

വിക്ഷേപണത്തിന് സജ്ജമായിരിക്കുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3. ഐഎസ്ആർ‌ഒയുടെ ഏറ്റവും കരുത്തുറ്റ എൽവിഎം 3 റോക്കറ്റിലേറിയാണ് ചാന്ദ്രയാൻ 3 ദൗത്യത്തിലേക്ക് കുതിക്കുക.

ദൗത്യത്തിനുള്ള 25 മണിക്കൂര്‍ 30 മിനിറ്റ് കൗണ്ട് ഡൗണ്‍ ഇന്നലെ ഉച്ചക്ക് 1.05ന് ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ഇന്നു ഉച്ചയ്ക്ക് 2.35ന് ചാന്ദ്രയാന്‍-3 പേടകവുമായി വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റ് കുതിച്ചുയരും. ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോക്കറ്റില്‍ ഇന്ധനം നിറക്കുന്നത് ഉള്‍പ്പെടെ ഒരുക്കങ്ങളെല്ലാം ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കി.

2005 ലാണ് ചാന്ദ്ര ദൗത്യത്തിനായി ആദ്യ ഘട്ടമായി 300 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 2008 ഒക്ടോബർ 22 നാണ് ഐഎസ്ആര്‍ഒയുടെ ആദ്യ ഗോളാന്തര ദൗത്യമായിരുന്നു ചാന്ദ്രയാന്‍ 1 വിക്ഷേപിക്കുന്നത്.

പത്തു മാസത്തോളം പ്രവര്‍ത്തനത്തിലിരുന്ന ചാന്ദ്രയാന്‍ ഒന്ന് വഹിച്ച മൂണ്‍ ഇംപാക്ട് പ്രോബ്, നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ എന്നിവ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ബഹിരാകാശ ശാസ്ത്രത്തിലെ നാഴികക്കല്ലുകളിലൊന്നായിരുന്നു.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ സംബന്ധിച്ച പഠനത്തിനായി വിക്ഷേപിച്ച ദൗത്യമായിരുന്ന ചാന്ദ്രയാന്‍ 2 വിക്ഷേപിച്ചത് 2019 ജൂലൈ 22നാണ്. ചാന്ദ്രയാൻ 2 വിക്ഷേപിക്കാൻ വേണ്ടി 2007ൽ റഷ്യയുമായി കരാർ ഒപ്പിട്ടു. റഷ്യ കരാറിൽ നിന്ന്‌ പിന്മാറിയപ്പോൾ ഓർബിറ്ററിന്റെ കൂടെ ലാൻഡറും റോവറും കൂടി സ്വയം വികസിപ്പിക്കാൻ തീരുമാനിച്ചു. ഒമ്പത് വർഷം വൈകി നടത്തിയ 2019ലെ ചാന്ദ്രയാൻ 2 ദൗത്യത്തിലെ ലാൻഡറും റോവറും വിജയിച്ചില്ല. ഓർബിറ്റർ ഇപ്പോഴും ഭ്രമണപഥത്തിലുണ്ട്‌. ചാന്ദ്രയാൻ 2ലെ വിക്രം ലാൻഡർ അതിന്റെ ഇറങ്ങുന്ന പാതയിൽ നിന്ന് ചരിഞ്ഞു. നാല് ഘട്ടത്തിലായി വിക്രം ലാൻഡറിന്റെ വേഗത മണിക്കൂറിൽ 6000 കിലോമീറ്ററിൽനിന്ന് നിശ്ചലാവസ്ഥയിലേക്ക് കുറയേണ്ടതായിരുന്നു. എന്നാൽ, ചന്ദ്രോപരിതലത്തിൽ സ്പർശിക്കുന്നതിന് തൊട്ടുമുമ്പ്  ഐഎസ്‌ആർഒക്ക്‌ ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തുടർന്ന് ലാൻഡറും നഷ്ടപ്പെട്ടു. കാരണം സോഫ്റ്റ്‌വെയർ തകരാറായിരുന്നു.

ചന്ദ്രയാന്‍ രണ്ടിന്റെ കുറവുകളെല്ലാം പരിഹരിച്ചാണ് ചാന്ദ്രയാന്‍-3 തയാറാക്കിയിട്ടുള്ളത്. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍ ഇല്ലാതെയാണ് ചന്ദ്രയാന്‍ 3 നിര്‍മിച്ചിട്ടുള്ളത്. 348 ടണ്‍ ഇന്ധന ശേഷിയുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ആണ് ചാന്ദ്രയാന്‍ മൂന്നിനെ വഹിക്കുന്നത്.

റോക്കറ്റില്‍ നിന്ന് വേര്‍പെട്ട ശേഷം വിക്രം സാരാഭായ്‌യുടെ സ്മരണാര്‍ത്ഥം പേര് നല്‍കിയ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ എന്ന റോവറും ചന്ദ്രനിലിറങ്ങും. ലാന്‍ഡറിനെ കൃത്യമായി ചാന്ദ്ര ഭ്രമണപഥത്തിലെത്തിക്കാനായി ഒരു പ്രൊപ്പല്ലന്റ് മോഡ്യൂളും ചാന്ദ്രയാന്‍ മൂന്നിലുണ്ട്. ഓര്‍ബിറ്ററില്‍ സ്ഥാപിച്ച നാസയുടെ ലേസര്‍ റിട്രോ റിഫ്‌ലക്ടര്‍ അറേ ആണ് ചാന്ദ്രയാന്‍ 3ലെ ഏക വിദേശ നിര്‍മിത പേലോഡ്.

ഭൂമിയില്‍ നിന്ന് ബഹിരാകാശത്തു എത്തിയതിനു ശേഷം ഭൂമിക്കു ചുറ്റുമുള്ള ദീര്‍ഘ വൃത്ത പഥത്തില്‍ ഒരു മാസത്തോളം ചിലവഴിച്ചതിന്ന് ശേഷം ഘട്ടം ഘട്ടമായി ഉയര്‍ത്തി ചന്ദ്രനിലെത്തിക്കും. ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍ 3യിലെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്യുക.

നാല് കിലോമീറ്റര് നീളവും 2 .4 കിലോമീറ്റര്‍ വീതിയുമുള്ള എല്‍ എസ് 2 എന്ന സുരക്ഷിത മേഖലയിലാണ് പേടകം ഇറങ്ങുക. ലാന്‍ഡറും റോവറും 14 ദിവസത്തോളം ചന്ദ്രനില്‍ വിവിധ പരീക്ഷണങ്ങള്‍ നടത്തും.

കമ്മ്യൂണിക്കേഷന്‍സ് റിലേ ഉപഗ്രഹം കൂടിയായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഭൂമിയുമായുള്ള ആശയവിനിമയം സാധ്യമാക്കുന്നതിന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ തന്നെ തുടരും.

വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയൻ എന്നിവർ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button