![](/wp-content/uploads/2023/06/train-1.jpg)
മുംബൈ: ഹരിയാനയിൽ നിന്ന് മുംബൈയിലേക്ക് കൊണ്ടുവരുമ്പോൾ കാണാതായ 5 കോടി രൂപ വിലയുള്ള ട്രെയിൻ എഞ്ചിൻ കണ്ടെത്തി. മൂന്ന് മാസങ്ങൾക്ക് ശേഷം ട്രെയിൻ എഞ്ചിൻ മുംബൈയിലെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതോടെ ട്രെയിൻ എഞ്ചിൻ ഒളിപ്പിച്ചയാൾ തന്നെ ഇത് മുംബൈയിലെത്തിക്കുകയായിരുന്നു.
എഞ്ചിനെത്തിക്കാൻ കരാറെടുത്ത കമ്പനികൾ തമ്മിലുള്ള തർക്കമായിരുന്നു ഇയാൾ എഞ്ചിനുമായി മുങ്ങാൻ കാരണം. ഹരിയാനയിലെ കൽക്കയിലേക്ക് ഒരു ട്രെയിൻ എഞ്ചിൻ എത്തിക്കണമെന്നും അവിടെ നിന്ന് ഒന്ന് തിരികെ മുംബൈയിലേക്കും കൊണ്ടുവരണമെന്നായിരുന്നു കരാറുകാരന് റെയിൽവേ നൽകിയ നിർദ്ദേശം. എന്നാൽ, കരാറെടുത്ത കമ്പനി രാധാ റോഡേഴ്‌സ് എന്ന മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. ഏപ്രിൽ 27ന് ഈ കമ്പനി എഞ്ചിൻ കൽക്കയിൽ എത്തിച്ചു. എന്നാൽ തിരികെ കൊണ്ടുവരേണ്ട എഞ്ചിനുമായി ഉപകരാറെടുത്ത കമ്പനി മുങ്ങി.
മുഴുവൻ തുകയും ആദ്യമേ തരണമെന്ന് ഉപകരാറുകാരൻ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതായിരുന്നു എഞ്ചിനുമായി കടന്നു കളയാൻ കാരണം. സാധനം എത്തിയാൽ മുഴുവൻ തുകയും തരാമെന്ന വാദത്തിൽ കരാറുകാരനും ഉറച്ച് നിന്നു. ഒടുവിൽ വിഷയത്തിൽ പോലീസ് ഇടപെട്ടു. പോലീസാണ് ഉപകരാറുകാരനെ കണ്ടെത്തിയത്. ഉപകരാർ എടുത്തയാൾക്കെതിരെ വിശ്വാസ വഞ്ചന, വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments