തിരുവല്ല : പുല്ലാട് രമാദേവി കൊലക്കേസിലെ പ്രതി രമാദേവിയുടെ ഭർത്താവാണെന്ന് തിരിച്ചറിഞ്ഞതോടെ ബന്ധുക്കളും പൊലീസും ഒരുപോലെ ഞെട്ടി. പക്ഷേ നാട്ടുകാർ ഞെട്ടിയില്ല. രമാദേവിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 17 വർഷം നീണ്ടു നിന്ന ദുരൂഹതയ്ക്ക് ഇതോടെ അവസാനമായെങ്കിലും ഒടുവിൽ തങ്ങൾ പ്രതീക്ഷിച്ച സത്യം പുറത്തുവന്നുവെന്ന വികാരത്തിലാണ് നാട്ടുകാർ. കാരണം അന്നേ നാട്ടുകാർ പറഞ്ഞിരുന്നു, രമാദേവിയുടെ കൊലപാതകത്തിൽ ആദ്യം സംശയിക്കേണ്ടത് ഭർത്താവ് ജനാർദ്ദനൻ നായരെത്തന്നെയാണെന്ന്.
ജനാർദ്ദനൻ നായരുടെ കേസ് നടത്തിക്കലും ക്രെെംബ്രാഞ്ചിനെ കൊണ്ടുവരാൻ ശ്രമിക്കലുമെല്ലാം നാടകമെന്ന് നാട്ടുകാർ അന്നേപറഞ്ഞിരുന്നു എന്നുള്ളതാണ് സത്യം. നീണ്ട നാളുകളായുള്ള അന്വേഷണത്തിലൂടെയാണ് ക്രൈംബ്രാഞ്ചിനു മുന്നിൽ ഒടുവിൽ സത്യം വെളിവായത്. 2006 മേയ് 26-ന് വൈകീട്ട് ആറുമണിയോടെയാണ് പുല്ലാട് വടക്കേകവല വടക്കേച്ചട്ടക്കുളത്ത് രമാദേവി(50)യെ വീടിനുള്ളിൽ കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തുന്നത്.
ഭാര്യയ്‌ക്ക് മറ്റാരുമായോ അവിഹിതം ഉണ്ടായിരുന്നുവെന്നും അതു വഴി അവര്‍ ഗര്‍ഭിണിയായെന്നും സംശയിച്ചായിരുന്നു ഇയാൾ അരുംകൊല നടത്തിയത് . വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസവം നിര്‍ത്തിയ ആളായിരുന്നു രമാദേവി. എന്നാല്‍, ഇവര്‍ക്ക് ട്യൂബ് പ്രഗ്നന്‍സി ഉണ്ടായി. അത് താന്‍ മൂലമല്ലെന്ന വിശ്വാസത്തിലായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ സര്‍ജറിയിലൂടെയാണ് അത് ഒഴിവാക്കിയത്. ഗർഭിണി ആയതോടെ ഭാര്യയുടെ മേലുള്ള സംശയം ജനാര്‍ദ്ദനന്‍ നായര്‍ക്ക് വര്‍ധിച്ചുവെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മാധ്യങ്ങളോട് പറഞ്ഞു. ഈ സമയത്താണ് രമാദേവിയുടെ വീടിന് സമീപം കെട്ടിടം പണിയ്‌ക്കായി ഒരു സംഘം തമിഴ് തൊഴിലാളികള്‍ എത്തുന്നത്. ഇവരില്‍ ചുടലമുത്തുവിന്റെ സ്വഭാവത്തെക്കുറിച്ച് നാട്ടില്‍ മതിപ്പുണ്ടായിരുന്നില്ല. ഇവിടെ നിന്ന് ഏകദേശം അരകിലോമീറ്റര്‍ മാറി ഒരു വീട്ടില്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഒരു സ്‌ത്രീയുമൊന്നിച്ച് താമസിച്ചു വരികയായിരുന്നു ഇയാള്‍.
ചുടലമുത്തു വീട്ടില്‍ വരുന്നത് ജനാര്‍ദ്ദനന്‍ നായര്‍ക്ക് ഇഷ്‌ടമല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയിലുള്ള സംശയം മൂലം ജോലി സ്‌ഥലത്തു നിന്ന് ഇയാള്‍ ഭാര്യയെ കൂടെക്കൂടെ വിളിച്ചിരുന്നു. താനില്ലാത്തപ്പോള്‍ വീട്ടിലെ ലാന്‍ഡ് ഫോണില്‍ ആരൊക്കെ വിളിക്കുന്നുവെന്ന് അറിയാന്‍ കോളര്‍ ഐ.ഡിയും സ്‌ഥാപിച്ചു. ചുടലമുത്തുവിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കും അടിയും പതിവായി. വഴക്കുണ്ടാക്കി ഭാര്യയ്‌ക്ക് അടിയും കൊടുത്ത് വീട്ടില്‍ നിന്നിറങ്ങിപ്പോവുകയാണ് ജനാര്‍ദ്ദനന്‍ നായര്‍ ചെയ്‌തിരുന്നത്.
2006 മേയ് 26 ന് വൈകിട്ടാണ് രമാദേവിയുടെ മരണം. അന്ന് ഉച്ചയ്‌ക്ക് ശേഷം വീട്ടിലേക്ക് വിളിച്ച് രമാദേവി ഗീതാജ്‌ഞാന യജ്‌ഞത്തിന് പോകുന്നുണ്ടോയെന്ന് അന്വേഷിച്ചു. പോകരുതെന്ന് കര്‍ശനമായി വിലക്കുകയും ചെയ്‌തു. വൈകിട്ട് ആറിനും രാത്രി ഏഴിനുമിടയ്‌ക്കാണ് കൊലപാതകം നടന്നത്. വീട്ടിലെത്തിയ ജനാര്‍ദ്ദനന്‍ രമാദേവിയുമായി പതിവു പോലെ തമിഴനെ ചൊല്ലി വഴക്ക് തുടങ്ങി. ഇവര്‍ തമ്മില്‍ പിടിവലിയും അടിപിടിയും നടന്നു. അടിപിടിക്കിടെ രമാദേവി ഭര്‍ത്താവിന്റെ തലയുടെ ഇരുവശത്തു നിന്നുമായി മുടിയിഴകള്‍ പറിച്ചെടുത്തു. രണ്ടു കൈയും കൊണ്ട് തലയില്‍ പിടിച്ചപ്പോഴാണ് മുടിയിഴകള്‍ പറിഞ്ഞു പോന്നത്. ഒരു കൈയില്‍ 36, മറുകൈയില്‍ നാല് എന്നിങ്ങനെയാണ് മുടിയിഴകള്‍ ഉണ്ടായിരുന്നത്.
വാശിയും സംശയരോഗവും മൂര്‍ഛിച്ച ജനാര്‍ദ്ദനന്‍ നായര്‍ പിന്നാലെ ഇവരെ വെട്ടിക്കൊലപ്പെടുത്തി. മോഷണമായിരുന്നു ലക്ഷ്യമെന്ന് അറിയിക്കാന്‍ ഇവരുടെ രണ്ടു പവന്റെ മാലയും എടുത്തു മാറ്റി. അതേ സമയം അവരുടെ ശരീരത്തുള്ള മറ്റ് സ്വര്‍ണാഭരണങ്ങള്‍ യഥാസ്‌ഥാനത്തു തന്നെയുണ്ടായിരുന്നു. വീട്ടിലെ അലമാരയില്‍ 12 പവനും പണവും ആരും തൊടാതെയുമിരുന്നു.
ദൃശ്യം സിനിമയിലെ ജോര്‍ജുകുട്ടിയെപ്പോലെ അന്വേഷണ സംഘത്തെ വട്ടം ചുറ്റിക്കുകയായിരുന്നു തീര്‍ത്തും സൈക്കിക് ആയ ജനാര്‍ദ്ദനന്‍ നായര്‍.
കൊല നടത്തിയത് ചുടലമുത്തുവാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. പോലീസ് ചുടലമുത്തുവിനെ സംശയിച്ച് തൊഴിലാളികളുടെ ക്യാമ്പിലെത്തി. 26 ന് വൈകിട്ടും 27 ന് ഉച്ച വരെയും അയാള്‍ താമസ സ്‌ഥലത്തുണ്ടായിരുന്നു. 27 ന് രാവിലെ അയാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഓ.പിയില്‍ ഡോക്‌ടറെ കണ്ടിരുന്നു. പോലീസ് തന്നെ അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയ ചുടലമുത്തു ഒപ്പം താമസിച്ചിരുന്ന സ്‌ത്രീയെയും കൂട്ടി അന്ന് മുങ്ങിയതാണ്. പിന്നെ ആരും കണ്ടിട്ടില്ല. അയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഉറപ്പില്ലെന്ന് ഇന്‍സ്‌പെക്‌ടര്‍ സുനില്‍ രാജ് പറഞ്ഞു.
പൊലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കാട്ടി ഹൈക്കോടതിയിൽ പോയതും ജനാർദ്ദനൻ നായർ തന്നെയാണ്. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു എന്നാണ് നാട്ടുകാർ കരുതുന്നത്. രമാദേവിയെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണത്തിൽ ആദ്യഘട്ടത്തിൽ ജനാർദനൻ നായർ വേണ്ടത്ര താത്പര്യം കാട്ടിയിരുന്നില്ല.
തുടർന്ന് നാട്ടുകാർ ഇപ്പോഴത്തെ പഞ്ചായത്തംഗം പി. ഉണ്ണികൃഷ്ണൻ സെക്രട്ടറിയായി ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുകയായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി സ്ഥലം സന്ദർശിച്ചപ്പോൾ കേസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻകൗൺസിൽ നിവേദനം നൽകി. പൊലീസ് സ്റ്റേഷൻ ധർണ അടക്കമുള്ള സമരപരിപാടികൾക്ക് രൂപം കൊടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജനാർദ്ദനൻ നായർ തൻ്റെ നിലപാട് മാറ്റിയതെന്നാണ് വിവരം.
Post Your Comments