KeralaLatest News

അരിക്കൊമ്പൻ ഫാൻസിനെ നാട്ടുകാർ തടഞ്ഞു, ഇടുക്കി ജില്ലയിൽ കയറിയാൽ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി

അരിക്കൊമ്പനെ കാട് മാറ്റിയതിൽ പ്രതിഷേധിച്ച് ധർണ്ണ നടത്തുന്നതുമായതി ബന്ധപ്പെട്ട് ഇടുക്കിയിലെ ആദിവാസി കോളനി സന്ദർശിക്കാനെത്തിയ അരിക്കൊമ്പൻ ഫാൻസിനെ നാട്ടുകാർ തടഞ്ഞു. ചിന്നക്കനാലിൽ അരിക്കൊമ്പൻ വിഹരിച്ച പ്രദേശ സന്ദർശനമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാൽ നാട്ടുകാർ ഈ നീക്കത്തെ തടയുകയും പ്രദേശത്ത് ഇനി കാലു കുത്തിയാൽ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആന പ്രേമികൾ പറയുന്നു.

മൃഗസംരക്ഷണ സംഘടനയായ അനെക്കിൻ്റെ പ്രതിനിധികളെയാണ് നാട്ടുകാർ തടഞ്ഞത്. നാട്ടുകാർ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഭാരവാഹികൾ ആരോപിച്ചു. ആനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്മ്യൂണിറ്റി എന്ന സംഘടനയുടെ പ്രവർത്തകരായ ഏഴംഗ സംഘമാണ് ചിന്നക്കനാലിൽ എത്തിയത്. വനിതകളും സംഘത്തിലുണ്ടായിരുന്നു. അരിക്കൊമ്പനെ പിടിച്ച് മാറ്റിയതിൽ പ്രതിഷേധിച്ച് 18 ന് മൂന്നാർ ഡിഎഫ്ഒ ഓഫീസിന് മുന്നിൽ ധർണ നടത്താൻ ഇവർ തീരുമാനിച്ചിട്ടുണ്ട്.

അരിക്കൊമ്പൻ വിഹരിച്ച 301 കോളനി സന്ദർശിച്ച് താമസക്കാരെ ഇതിലേക്ക് ക്ഷണിക്കുകയായിരുന്നു ലക്ഷ്യം. സിങ്കുകണ്ടത്ത് നിന്ന് 301 കോളനിയിലേക്കുള്ള വഴിയിൽ വച്ച് നാട്ടുകാർ ഇവരെ തടഞ്ഞു. അരിക്കൊമ്പൻ സ്നേഹികളിൽ ഒരാളായ ബൈസൺവാലി സ്വദേശിയായ സുരേന്ദ്രൻ എന്നയാളുമായി തർക്കമായി.

അതേസമയം, പ്രദേശത്തെ കാട്ടാന ശല്യത്തെക്കുറിച്ച് സംഘാംഗങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് തർക്കം മാത്രമാണുണ്ടായതെന്നാണ് സിങ്കുകണ്ടത്തെ നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തും മുൻപേ ഇരു കൂട്ടരും പിരിഞ്ഞ് പോയി. തുടർന്ന് സംഘടനാ പ്രതിനിധികൾ മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകി.

 

shortlink

Related Articles

Post Your Comments


Back to top button