ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ജോ ബൈഡൻ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ലിത്വനിയയിൽ നടക്കാനിരിക്കുന്ന നാറ്റോ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നാറ്റോയിൽ യുക്രൈനിന്റെ സ്ഥാനം, സ്വീഡന്റെ നാറ്റോ അംഗത്വം, എഫ് -16 യുദ്ധവിമാനങ്ങളുടെ വിതരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചു.
ചാൾസ് രാജാവുമായും ജോ ബൈഡൻ ചർച്ച നടത്തി. ചൊവ്വാഴ്ച്ച നടക്കുന്ന സമ്മേളനത്തിനിടയിലും അമേരിക്കൻ പ്രസിഡന്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയും തമ്മിൽ ചർച്ചകൾ നടക്കുന്നതാണ്. അതേസമയം, യുക്രൈന് ക്ലസ്റ്റർ ബോംബുകൾ നൽകുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബൈഡൻ അറിയിച്ചു. യുക്രൈൻ ആയുധ ശേഖരണത്തിൽ വന്ന കുറവ് ചൂണ്ടിക്കാട്ടിയാണ് ക്ലസ്റ്റർ ബോംബുകൾ നൽകാൻ അമേരിക്ക തീരുമാനമെടുത്തത്.
Post Your Comments