മലപ്പുറം: ഇന്നലെ അർധരാത്രിയിലാണ് മലപ്പുറത്ത് വടകവീട്ടിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജർ കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടുകുന്നുമ്മൽ ബാബുവിന്റെ മകൻ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6), ശ്രീവർധൻ (രണ്ടര) എന്നിവരാണ് മരിച്ചത്.
ഇപ്പോഴിതാ സംഭവത്തിലെ ‘വില്ലൻ’ മാരക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയെക്കുറിച്ചുള്ള വിഷമമെന്നു സംശയം. മൂത്ത കുട്ടിക്ക് ഈ അസുഖമാണെന്ന് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ മാതാപിതാക്കളുടെയും ഇളയ കുട്ടിയുടെയും പരിശോധന നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നതായി ബന്ധുകൾ പറയുന്നു. ഇളയ കുഞ്ഞിനും ലക്ഷണങ്ങൾ ഉള്ളതായി സംശയം തോന്നിയതോടെ മാതാപിതാക്കൾ തകർന്നു.
പേശികളെ ഗുരുതരമായി ബാധിക്കുകയും അതുവഴി കുട്ടികളെ വൈകല്യത്തിലേക്കും അകാല മരണത്തിലേക്കും നയിക്കുന്നതാണ് ഡിഎംഡി എന്ന ഈ അസുഖം. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങളെക്കുറിച്ചുള്ള മനോവിഷമം മൂലം ജീവനൊടുക്കിയതാണോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. 2 ധനകാര്യ സ്ഥാപനങ്ങളിലെ മാനേജർമാരായി പ്രവർത്തിക്കുന്ന ദമ്പതികൾക്ക് സാമ്പത്തികമായ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കണ്ണൂരിൽ ബാങ്ക് മാനേജരായി കഴിഞ്ഞ ശനിയാഴ്ച ചുമതലയേറ്റ ഷീന ഇന്ന് മലപ്പുറം മുണ്ടുപറമ്പിലെ വീട്ടുസാധനങ്ങളെല്ലാം മാറ്റാനായി ഒരുക്കം പൂർത്തിയാക്കിയതിനിടെയാണ് 4 പേരുടെയും മരണ വാർത്തയെത്തിയത്. വീട് മാറ്റത്തിനായി അവധിയെടുത്ത് ഞായറാഴ്ചയാണ് തിരിച്ച് മലപ്പുറത്തെത്തിയത്. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകൻ ഹരിഗോവിന്ദിന്റെ സ്കൂൾ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
ഇന്ന് കണ്ണൂരിലേക്കു തിരിക്കുമെന്ന് ഷീനയും ഭർത്താവ് സബീഷും അവരവരുടെ വീടുകളിൽ ഇന്നലെ വൈകിട്ട് 4 മണിയോടെ അറിയിച്ചിരുന്നു. എന്നാൽ 8 മണിയോടെ ബന്ധുക്കൾ വിളിച്ചപ്പോൾ ഇരുവരെയും കിട്ടിയില്ല. പിന്നീടാണ് ബന്ധുക്കൾ മലപ്പുറം പൊലീസിൽ വിവരമറിയിച്ചത്. അർധരാത്രിയോടെ പൊലീസ് എത്തിയാണ് വീട് തുറന്ന് അകത്തു കടന്നതും 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയതും.
4 പേരുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഉച്ചയ്ക്ക് 2.30ന് വിട്ടുകിട്ടിയ മൃതദേഹങ്ങളുമായി ബന്ധുക്കൾ കണ്ണൂർ തളിപ്പറമ്പിലേക്ക് തിരിച്ചു. മുയ്യത്തെ ഷീനയുടെ വീട്ടിൽ ആദ്യം പൊതുദർശനം. തുടർന്ന് രാത്രി തന്നെ സബീഷിന്റെ കോഴിക്കോട് കുറ്റിക്കാട്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. ഇന്ന് രാവിലെ 9ന് കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് സംസ്കാരം.
Post Your Comments