മുംബൈ: ഹണി ട്രാപ്പിൽ വീണുപോയ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് പ്രദീപ് കുരുല്‍ക്കര്‍ ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍ പാക് ചാരവനിതയ്ക്ക് ചോര്‍ത്തി നല്‍കിയതായി കുറ്റപത്രം. മഹാരാഷ്ട്ര പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് ആണ് കുരുല്‍ക്കര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പൂനെയിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ലാബ് ഡയറക്ടറായ പ്രദീപ് സാറ ദാസ് ഗുപ്ത എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടത്തിയ ചാറ്റിലൂടെയാണ് ഇന്ത്യയുടെ മിസൈല്‍ സിസ്റ്റങ്ങളുടെയും മറ്റു പ്രതിരോധ പദ്ധതികളുടെയും രഹസ്യങ്ങള്‍ പങ്കുവച്ചതെന്നു കുറ്റപത്രത്തില്‍ പറയുന്നു.
ചാരവൃത്തി കണ്ടെത്തിയതിനെ തുടര്‍ന്ന് മേയ് 3ന് ഇയാളെ അറസ്റ്റ് ചെയ്തു. സാറ ദാസ് ഗുപ്തയുമായി പ്രദീപ് കുല്‍ക്കര്‍ വാട്സാപ്പിലൂടെയും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോകോളുകളുടെയും മെസേജുകളുടെയും വിവരങ്ങളും അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉണ്ട്. കുരുല്‍കര്‍ ചാരവനിതയില്‍ ആകൃഷ്ടനായി. ഡിര്‍ഡിഒയുടെ രഹസ്യവിവരങ്ങള്‍ സ്വന്തം ഫോണിലേക്കു മാറ്റുകയും ഇത് സാറയ്ക്കു നല്‍കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.
യുകെയിലെ സോഫ്റ്റ് വയര്‍ എന്‍ജിനീയറെന്നു പരിചയപ്പെടുത്തിയ ചാരവനിത, പ്രദീപിന് അശ്ലീല സന്ദേശങ്ങളും വിഡിയോകളും അയച്ചിരുന്നു. 2022 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ ഇരുവരും തമ്മില്‍ സംഭാഷണം നടന്നിരുന്നു.
ഡിആര്‍ഡിഒ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ പ്രദീപിന്റെ ഇടപെടലുകളില്‍ ദുരൂഹതയുള്ളതായി കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ യുവതിയുടെ ഐപി അഡ്രസ് പാകിസ്ഥാനില്‍ നിന്നാണെന്നും മിസൈലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താനുള്ള നീക്കങ്ങൾ പാക് ഏജന്റില്‍ നിന്നുണ്ടായിട്ടുണ്ടെന്നും വ്യക്തമായി.
Post Your Comments