സ്ത്രീപീഡനക്കേസിൽ കോടതി തന്നെ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ചത് പോലെ തോന്നിയെന്ന് മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. . തനിക്ക് എതിരെ ഉണ്ടായത് കള്ള കേസാണെന്ന് ഫ്രാങ്കോ പറഞ്ഞു. ജലന്ധറിൽ യാത്രയയപ്പിന്‍റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെയായിരുന്നു ഫ്രാങ്കോയുടെ പരാമർശം. ‘ഞാൻ ദൈവത്തോട് ചോദിച്ചു. തെറ്റ് ഒന്നും ചെയ്യാത്ത നീ എന്തിന് ഭയക്കണം എന്ന് ദൈവം പറഞ്ഞു.’
‘പ്രാർത്ഥനയും ദേശീയ, അന്തർ ദേശീയ മാധ്യമങ്ങളുടെ പിന്തുണയും കൊണ്ട് എന്നെ വെറുതെ വിട്ടു. വെറുതെ വിട്ടപ്പോൾ ലോക കപ്പ് ജയിച്ച പോലെയാണ് തോന്നിയത്. ഇപ്പോൾ ജലന്ധറിലെ ദൗത്യം പൂർത്തിയായി’- ഫ്രാങ്കോ പറഞ്ഞു. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ കുറ്റവിമുക്തൻ ആയെങ്കിലും വിധിക്കെതിരായ അപ്പീൽ കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫ്രാങ്കോ മുളക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചത്.
വത്തിക്കാൻ നിർദേശപ്രകാരമാണ് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതെന്നാണ് സഭാവൃത്തങ്ങള്‍ വിശദമാക്കിയത്. ജലന്ധര്‍ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിച്ചെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ വിശദീകരിച്ചത്. യാത്രയയപ്പ് ചടങ്ങ് നടക്കുന്ന സെന്റ് മേരിസ് കത്തീഡ്രലിന് പുറത്ത് സുരക്ഷ വർധിപ്പിച്ചിരുന്നു. പൊലീസിനെയും കലാപ വിരുദ്ധ സേനയേയുമാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.
മഴ മൂലം വൈകി ആരംഭിച്ച ചടങ്ങിലേക്ക് എത്തിയ ഫ്രാങ്കോയെ മുദ്രാവാക്യം വിളികളോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്. ബിഷപ്പ് സ്ഥാനം രാജിവെച്ച ഫ്രാങ്കോ മുളക്കലിന് ജലന്ധറിലെ സെന്‍റ് മേരിസ് കത്തീഡ്രൽ പള്ളിയിൽ വച്ചാണ് യാത്രയപ്പ് ചടങ്ങ് നടന്നത്. ചടങ്ങിൽ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് അഗ്നേലോ ഗ്രേഷ്യസ് സർക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു.
Post Your Comments