KeralaLatest News

അച്ചാമ്മയുടെ ശരീരത്ത് 18ലധികം മുറിവുകൾ: ഫോൺ വിളിക്കാതിരിക്കാൻ മൊബൈൽ എണ്ണയിലിട്ട് വറുത്തു, കൊലചെയ്യാൻ കാരണം ആ ഒരു വാക്ക്

കൊച്ചി: കൊച്ചിയിൽ മരട് തുരുത്തി അമ്പല റോഡിലെ ബ്ലൂ മൗണ്ട് ഫ്ലാറ്റിൽ വെച്ച് അഭിഭാഷകനായ മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകന്റെ വെട്ടേറ്റു മരിച്ച കാഞ്ഞിരവേലിൽ അച്ചാമ്മയുടെ (71) ഇൻക്വസ്റ്റ് നടപടികൾ വെള്ളിയാഴ്ച ഉച്ചയോടെ പൂർത്തിയായി. എറണാകുളം ഗവ.മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ലേക്‌ഷോർ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഓസ്ട്രേലിയയിലുള്ള മകൾ വിനീത എത്തിയതിനു ശേഷം സംസ്കാരം ചമ്പക്കര പള്ളിയിൽ നടക്കും. പ്രതിയായ മകൻ വിനോദ് ഏബ്രഹാമിനെ കോടതി റിമാൻഡ് ചെയ്തു.

അച്ചാമ്മയുടെ ദേഹത്തുണ്ടായത് പതിനെട്ടിലധികം ആഴത്തിലുള്ള മുറിവുകളാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. അച്ചാമ്മ എബ്രഹാമിന്റെ(73) ജീവനെടുത്തത് പിൻതലയ്ക്കേറ്റ വെട്ടാണെന്നും തലയിലും മുഖത്തുമായി നിരവധി വെട്ടേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. മണിക്കൂറുകളോളം അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് മകൻ കൊല നടത്തിയതെന്നാണ് വിവരം. അകത്തെ മുറിയിൽ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ കിടന്നിരുന്നത്. മുഖവും രഹസ്യഭാഗങ്ങളും വെട്ടി നശിപ്പിച്ച നിലയിലായിരുന്നു.

അക്രമാസക്തനായ വിനോദിനെ പൊലീസ് വളരെ ബുദ്ധിമുട്ടിയാണ് കീഴടക്കിയത്. തുടർന്ന് വിനോദിനെ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. കേസിൽ അറസ്റ്റിലായ മകൻ അഡ്വ. വിനോദ് എബ്രഹം (42) കുറ്റംസമ്മതിച്ചിട്ടുണ്ട്. നിയമബിരുദധാരിയാണെങ്കിലും വിനോദ് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നില്ലെന്നാണ് വിവരം. ദേഷ്യംവന്നിട്ടാണ് താൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അമ്മ തന്നെക്കുറിച്ച് അയൽക്കാരോട് ഗോസിപ്പ് പറഞ്ഞിരുന്നതായി വിനോദ് സംശയിച്ചിരുന്നെന്ന് പൊലീസിൻ്റെ എഫ്‌ഐആറിൽ പറയുന്നു. ഇതേത്തുടർന്നാണ് വിനോദും അച്ചാമ്മയും തമ്മിൽ വഴക്കുണ്ടായതെന്നാണ് വിവരം.

വഴക്ക് ഒടുവിൽ പൂട്ടിയിടുന്നതിലേക്കും കൊലപാതകത്തിലേക്കും എത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം നേരത്തെ വിനോദ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവരുമെന്ന് അച്ചാമ്മ മുന്നറിയിപ്പു നൽകിയിരുന്നു. ഇതാണ് വിനോദിനെ പ്രകോപിപ്പിച്ചെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം സംഭവം നടന്ന അപ്പാർട്ട്മെൻ്റിലെ മുറികളാകെ അലങ്കോലപ്പെട്ട നിലയിലാണ് കാണപ്പെട്ടതെന്നാവണ് വിവരം. എസിയും ഫ്രിഡ്ജും അടക്കമുള്ള ഗൃഹോപകരണങ്ങൾ നശിപ്പിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സീലിങ് ഫാൻ വളച്ചുമടക്കി. അച്ചാമ്മ ഉപയോ​ഗിച്ചിരുന്ന മൊബൈൽ ഫോൺ കറിച്ചട്ടിയിലിട്ടു എണ്ണയൊഴിച്ച് വറുത്ത നിലയിലാണു കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. മാത്രമല്ല വീട്ടിലെ എല്ലാ പൈപ്പുകളും തുറന്നിട്ടിരിക്കുകയുമായിരുന്നുവെന്നും പൊലീസിൻ്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു.

അക്രമസ്വഭാവമുള്ള ഇയാൾ രണ്ടുമാസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് വിവരം. അച്ചാമ്മ തന്നെയാണ് മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും മരുന്നു കഴിക്കാമെന്നും വാക്കുനൽകിയതിനാൽ ഒരുമാസം മുമ്പാണ് അച്ചാമ്മ മകനെ വീട്ടിലെത്തിച്ചത്. എന്നാൽ വീട്ടിൽ എത്തിയതോടെ മരുന്ന് കഴിക്കാതെയായി. തുടർന്ന് ഭക്ഷണത്തിൽ കലർത്തി മരുന്ന് നൽകാൻ തുടങ്ങി. അമ്മയുണ്ടാക്കുന്ന ഭക്ഷണങ്ങൾക്ക് രുചികുറവാണെന്ന് പറഞ്ഞ് വിനോദ് കിടപ്പുമുറിയിൽ സ്വന്തമായി പാചകംചെയ്തിരുന്നു എന്നും പൊലീസ് പറയുന്നു.

 

shortlink

Post Your Comments


Back to top button