തിരുവനന്തപുരം: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം മുന്നിൽത്തന്നെയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡ് വൈവിധ്യമാർന്ന ഇന്ത്യയെ ഇല്ലാതാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്യാനാണ് 15ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കുന്നത്. അതിൽ വർഗീയവാദികൾക്ക് പ്രവേശനമില്ലെന്ന് കൃത്യമായി പറഞ്ഞതാണ്. കോൺഗ്രസിന് ക്ഷണമുണ്ടോ എന്നാണ് അടുത്ത ചോദ്യം. അവർക്ക് ഇതുസംബന്ധിച്ച് ഒരു വ്യക്തതയും ഇനിയുമുണ്ടായിട്ടില്ല. ചിദംബംരം പറയുന്നതല്ല രാഹുൽ പറയുന്നത്. കേരളത്തിൽപ്പോലും വാദങ്ങൾ പലതാണ്. മുസ്ലിംലീഗ് ഇപ്പോൾ യുഡിഎഫിന്റെ ഭാഗമാണ്. ബാക്കി കാര്യങ്ങൾ അവരെടുക്കുന്ന നിലപാടിനനുസരിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ സിപിഎമ്മിനെതിരെ മാധ്യമ ശൃംഖലകൾചേർന്ന് അട്ടിമറി സൃഷ്ടിക്കുകയാണ്. കോടികൾ വിന്യസിച്ച് ഇവന്റ് മാനേജ്‌മെന്റ് കമ്പനികളാണ് കള്ള പ്രചാരവേല നടത്തുന്നത്. കോൺഗ്രസ് പാർട്ടിയുടെ ക്യാപ്ഷൻ പോലും ഇപ്പോൾ അവരാണ് തീരുമാനിക്കുന്നത്. മാധ്യമങ്ങൾ ഉണ്ടാക്കിയ എല്ലാ വ്യാജവിവാദങ്ങളും കരിഞ്ഞമരും. മാധ്യമ അജൻഡയുടെയും കള്ളങ്ങളുടെയും പിന്നാലെ പോകലല്ല പാർട്ടിയുടെ പണിയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Post Your Comments