കളമശ്ശേരി: മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്റെ വീട്ടിൽ കയറി അതിക്രമം നടത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടസംഘം അറസ്റ്റിൽ. എരുമത്തല നാലാംമൈൽ നീരിയേലിൽ വീട്ടിൽ ഫൈസൽ പരീത് (38), ചെമ്പറക്കി സൗത്ത് വാഴക്കുളം തച്ചേരിൽ വീട്ടിൽ ജോമിറ്റ് (34), തേവക്കൽ സ്വദേശികളായ താന്നിക്കോട് വീട്ടിൽ വിപിൻ (32), വടക്കേടത്ത് വീട്ടിൽ വി.എസ്. ആനന്ദ് (36), വളവിൽ വീട്ടിൽ വിനീത് (36) എന്നിവരാണ് അറസ്റ്റിലായത്. കളമശ്ശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കളമശ്ശേരിയിൽ തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. വാഹനത്തിലെത്തിയ അഞ്ചംഗ സംഘം ഭിന്നശേഷിക്കാരനും കിടപ്പുരോഗിയുമായ പള്ളിലാംകരയിൽ പ്ലാത്താഴത്ത് സുരേഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടുകാരെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്തു. ശേഷം വാഹനത്തിൽ കടന്നുകളഞ്ഞു. പരിക്കേറ്റ സുരേഷിന്റെ മക്കളായ സഞ്ജയ് (22), സൗരവ് (23) എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ദുരിതപ്പെയ്ത്ത് തുടരുന്നു, അതിത്രീവ മഴ, മിന്നല്‍ ചുഴലി, കുതിരാനില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു
പ്രതികളിലൊരാളുടെ സുഹൃത്തിന്റെ സഹോദരിയെ പരിക്കേറ്റവരുടെ വീട്ടിൽ താമസിപ്പിച്ചു എന്നതായിരുന്നു അക്രമത്തിന് കാരണമായി പൊലീസ് പറഞ്ഞത്. അറസ്റ്റിന് ശ്രമിക്കുന്നതിനിടെ അക്രമാസക്തരായ പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെ, സ്റ്റേഷൻ ഇൻസ്പെക്ടർ വിബിൻദാസ്, പൊലീസുകാരായ നജീബ്, ഷെമീർ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതികൾ നിരവധി അടിപിടി, കവർച്ച കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments