തിരുവനന്തപുരം: അതിദരിദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍/ അനുബന്ധ സ്ഥാപനങ്ങള്‍ നല്‍കിവരുന്ന സബ്‌സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകള്‍ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണിത്.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
പുതിയ പി എസ് സി അംഗങ്ങള്‍:
കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളായി ഡോ. ജോസ് .ജി. ഡിക്രൂസ്, അഡ്വ. എച്ച് ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ.ജോസ്.ജി.ഡിക്രൂസ്. തിരുവനന്തപുരം തിരുമല സ്വദേശിയാണ് അഡ്വ.എച്ച് ജോഷ്.
ഡോ. വി.പി ജോയ് പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍:
മുന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റും) ബോര്‍ഡിന്റെ ചെയര്‍പേഴ്സണായി നിയമിക്കാന്‍ തീരുമാനിച്ചു.
ശമ്പള പരിഷ്‌കരണം:
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി (ഐ.ഐ.എച്ച്.റ്റി) യിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 01.07.2019 മുതല്‍ പ്രാബല്യത്തോടെ പരിഷ്‌ക്കരിക്കും. കേരള സംഗീത നാടക അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവ 10.02.2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി പരിഷ്‌ക്കരിക്കും.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിക്കും.
കേരള നഗര ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ ജീവനക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി പത്താമത്തെയും പതിനൊന്നാമത്തെയും ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.
തെന്‍മല ഇക്കോ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി ജീവനക്കാര്‍ക്ക് 10.02.2021 ല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്സ് ലിമിറ്റഡ്, കേരള കന്നുകാലി വികസന ബോര്‍ഡ് ലിമിറ്റഡ്, മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ്, കേരള പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2021-22 വര്‍ഷത്തെ ബോണസ്, ഉത്സവബത്ത, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ നല്‍കിയത് സാധൂകരിച്ചു.
നിയമനം:
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ഡയറക്ടറായ പള്ളിയറ ശ്രീധരന് പ്രായപരിധിയില്‍ ഇളവ് നല്‍കി വീണ്ടും ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
മലയാളം മിഷന്‍ ഡയറക്ടറായി മുരുകന്‍ കാട്ടാക്കടയ്ക്ക് പുനര്‍നിയമനം നല്‍കി.
ഇന്ത്യന്‍ പാര്‍ട്ണര്‍ഷിപ്പ് ആക്റ്റ് ( കേരള ഭേദഗതി ) കരട് ബില്ലിന് അംഗീകാരം
1932 ലെ ഇന്ത്യന്‍ പാര്‍ട്ണര്‍ഷിപ്പ് ആക്റ്റ് ( കേരള ഭേദഗതി ) കരട് ബില്‍ 2023 ന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. പാര്‍ട്ണഷിപ്പ് ആക്ടുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് 1932ലെ ഇന്ത്യന്‍ പാര്‍ട്ണഷിപ്പ് ആക്ട് (കേരള ഭേദഗതി)യുടെ ഒന്നാം ഷെഡ്യൂള്‍ ഭേദഗതി ചെയ്ത് ഇന്ത്യന്‍ പാര്‍ട്ണഷിപ്പ് ആക്ട് (കേരള ഭേദഗതി) ബില്‍ 2023 പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ചാണ് കരട് ബില്‍.
കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കും:
2023 ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ ( ഭേദഗതി )ഓര്‍ഡിനന്‍സിന്റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
Post Your Comments