സംസ്ഥാനത്ത് അനധികൃത നികത്തൽ നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് റവന്യൂ വകുപ്പ്. അനധികൃതമായി നികത്തിയിട്ടുള്ള എല്ലാ സ്ഥലങ്ങളും പൂർവസ്ഥിതിയിലാക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. 2008 ലെ കേരള നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന ശേഷം നികത്തിയിട്ടുള്ള കെട്ടിടങ്ങൾ, വ്യാപാരസമുച്ചയങ്ങൾ എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ആദ്യഘട്ടത്തിൽ അനധികൃത നികത്തലുകളുടെ കണക്കെടുപ്പ് നടക്കുന്നതാണ്. പിന്നീടാണ് തുടർനടപടികൾ സ്വീകരിക്കുക.
നെൽവയൽ- തണ്ണീർത്തട സംരക്ഷണം നിയമം പ്രാബല്യത്തിലായ ശേഷം ഗ്രാമപഞ്ചായത്ത് പരിധിയിൽ വീട് വയ്ക്കാൻ 10 സെന്റും, നഗരസഭ പരിധിയിൽ 5 സെന്റും മാത്രമാണ് നികത്താനുള്ള അനുമതി. റവന്യൂ വകുപ്പിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയതിനു ശേഷം മാത്രമാണ് ഇത്തരത്തിലുളള നികത്തലുകൾ അനുവദിച്ചിരുന്നത്. എന്നാൽ, ഈ ആനുകൂല്യത്തെ ദുർവിനിയോഗം ചെയ്യുന്നതായി കണ്ടെത്തിയതോടെയാണ് റവന്യൂ വകുപ്പ് നടപടി കടുപ്പിച്ചത്. ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് നൽകാൻ റവന്യൂ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. വ്യാപാരശാലകൾ, ആശുപത്രികൾ, പെട്രോൾ പമ്പുകൾ, വ്യവസായ യൂണിറ്റുകൾ തുടങ്ങിയവയാണ് നികത്തിയ ഭൂമി കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്.
Also Read: വിപരീത ഫലം ഉണ്ടാവാം: വിഷ്ണു പൂജക്ക് ചെയ്യരുതാത്ത കാര്യങ്ങൾ
Post Your Comments