Latest NewsKeralaNews

ഭരണഘടനയുടെ 44-ാം വകുപ്പിൽ ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന കാര്യം ജമാഅത്തെ ഇസ്ലാമി മറക്കുന്നു: തോമസ് ഐസക്

ആര് ബിജെപിയോടൊപ്പം ചേർന്നാലും ഇടതുപക്ഷം അവരോടൊപ്പം ഉണ്ടാകില്ല.

യൂണിഫോം സിവിൽ കോഡ് സംബന്ധിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം സജീവമാകുകയാണ്. യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാട് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ദുഷ്പ്രചാരണം നടത്തുകയാണെന്ന് മുൻ മന്ത്രി തോമസ് ഐസക്. സോഷ്യൽ മീഡിയയിലൂടെയാണ്‌ തോമസ് ഐസക്കിന്റെ പ്രതികരണം.

read also: പെണ്‍കുട്ടിയെ നടുറോഡിൽ തടഞ്ഞുനിര്‍ത്തി ചുംബിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റില്‍

കുറിപ്പ് പൂർണ്ണ രൂപം,

യൂണിഫോം സിവിൽ കോഡ് സംബന്ധിച്ച് ഇഎംഎസ് എടുത്ത നിലപാട് ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ദുഷ്പ്രചാരണം നടത്തുകയാണ്. ഇഎംഎസ് ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തുവെന്നാണ് ആക്ഷേപം.

ഇന്ത്യൻ ഭരണഘടനയുടെ 44-ാം വകുപ്പിൽ ഏകീകൃത സിവിൽ കോഡ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന കാര്യം ജമാഅത്തെ ഇസ്ലാമിക്കാർ മറക്കുന്നു. ആർഎസ്എസ് ആകട്ടെ ഭരണഘടനാകർത്താക്കൾ ഏകീകൃത സിവിൽ കോഡിനെ മാർഗ്ഗനിർദ്ദേശക തത്വങ്ങളിലാണ് ഉൾക്കൊള്ളിച്ചതെന്നും തമസ്കരിക്കുന്നു. എന്നുവച്ചാൽ ഏകപക്ഷീയമായി നടപ്പാക്കേണ്ടുന്ന ഒരു നിയമമായിട്ടല്ല യൂണിഫോം സിവിൽ കോഡിനെ കണ്ടത്. മറിച്ച് പട്ടികവർഗ്ഗക്കാരിലും ന്യൂനപക്ഷ സമുദായങ്ങളിലും സാമൂഹ്യപരിഷ്കരണത്തിനും വേണ്ടിയുള്ള പൊതുജനാഭിപ്രായം രൂപപ്പെട്ടു കഴിയുമ്പോൾ മാത്രം നടപ്പാക്കേണ്ടുന്ന ഒരു കാര്യമായിട്ടാണ് ഭരണഘടനയിൽ എഴുതിവച്ചിട്ടുള്ളത്. ഇതാണ് ഇഎംഎസ് സ്വീകരിച്ച നിലപാട്.

12-07-1985-ൽ ഇഎംഎസ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു:
‘മുസ്ലിം ജനതയിൽ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രശ്നമാണ് പൊതു സിവിൽ നിയമമെന്നു ഞങ്ങൾ മനസ്സിലാക്കുന്നു. മുസ്ലിം സമുദായത്തിലെ പൊതുജനാഭിപ്രായം അനുകൂലമായി രൂപപ്പെടുന്നതുവരെ അതു നടപ്പിൽ വരുത്തുന്നതു ബുദ്ധിപൂർവ്വമായിരിക്കില്ലെന്നു കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചതിനോട് ഞങ്ങൾക്ക് യോജിപ്പാണുള്ളത്. ഇതു സംബന്ധിച്ച നിയമനിർമ്മാണം ഉടൻ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടൂവെന്ന് നിങ്ങളുടെ (ലീഗിന്റെ) നേതാക്കളും അവരുടെ സഹായത്തോടെ അധികാരത്തിൽ തുടരാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളും പറയുന്നത് പച്ചക്കള്ളമാണ്.’

1985-നെ അപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിൽ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ എത്രയോ മടങ്ങ് ശക്തിപ്രാപിച്ചിരിക്കുന്നു. അവരാണ് ഭരണാധികാരത്തിൽ. മതന്യൂനപക്ഷങ്ങൾക്കെതിരെ രൂക്ഷമായ കടന്നാക്രമങ്ങളാണ് ഇന്ത്യയിലെമ്പാടും അവർ സംഘടിപ്പിക്കുന്നത്. 2024-ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയിട്ടാണ് ഇന്നിപ്പോൾ ധൃതിപിടിച്ച് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഇറങ്ങി പുറപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമല്ല, ജനങ്ങളെ അണിനിരത്തി ചെറുക്കേണ്ടതുമാണെന്ന് സിപിഐ(എം) കരുതുന്നു. ഇതിനു യോജിക്കാൻ കഴിയുന്നവരോടെല്ലാം യോജിച്ചു പ്രവർത്തിക്കുകയും ചെയ്യും.
എന്നാൽ കോൺഗ്രസ് ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് ദേശവ്യാപകമായി ഉറച്ചനിലപാട് എടുക്കാൻ തയ്യാറല്ല. ഇതുസംബന്ധിച്ച പാർലമെന്ററി സമിതിയിൽ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട് അവരുടെ അവസരവാദത്തിനു തെളിവാണ്. സമിതിയുടെ ചെയർമാനായ സുശീൽകുമാർ മോദിക്കുപോലും ഇന്നത്തെ ഘട്ടത്തിൽ പട്ടികവർഗ്ഗക്കാരെ ഏകീകൃത സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്നാണ് അഭിപ്രായം. അല്ലാത്തപക്ഷം, ഇപ്പോൾ തന്നെ പൊട്ടിത്തെറിയിലേക്കു നീങ്ങുന്ന വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോകാം.

എന്തുകൊണ്ട് കോൺഗ്രസിന് മുസ്ലിം വിഭാഗത്തിനുമേലും ഇപ്പോൾ ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാൻ പാടില്ലായെന്ന നിലപാട് എടുക്കാൻ കഴിയാതെ പോയത്? കൂടുതൽ ചർച്ച വേണമെന്ന് ആവശ്യപ്പെടുകയല്ല വേണ്ടത്. ബിജെപിയുടെ ഉന്നത്തെക്കുറിച്ച് സംശയം ഉണ്ടാകില്ലല്ലോ. തുറന്ന് എതിർക്കുകയാണു കോൺഗ്രസ് ചെയ്യേണ്ടത്. എന്നാൽ അവർ പിന്തുടരുന്ന മൃദുഹിന്ദുത്വ സമീപനം അത്തരമൊരു ഉറച്ച നിലപാട് സ്വീകരിക്കാൻ ദേശീയതലത്തിൽ അവർക്ക് തടസ്സമായിരിക്കുന്നു.

എന്നാൽ ലീഗിലെ ചില നേതാക്കന്മാർ സിപിഐ(എം) സംസ്ഥാന കമ്മിറ്റിക്കു ശേഷം സെക്രട്ടറി സ. എം.വി. ഗോവിന്ദൻ നടത്തിയ ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോഭ-പ്രചാരണ പരിപാടിയിൽ എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത്? സിപിഐ(എം)ന്റെ ഉദ്ദേശശുദ്ധിയെ എന്തിനാണു ചോദ്യം ചെയ്യുന്നത്? ജമാഅത്തെ ഇസ്ലാമിക്കാരുടെ സിപിഐ(എം) വിരോധം മനസിലാക്കാം. ജനങ്ങളെ വർഗ്ഗീയമായി ഭിന്നിപ്പിക്കാനാണ് അവരുടെയും നീക്കം.

ലീഗ് ഒരുകാര്യം മനസിലാക്കുക. കേരളത്തിൽ നിങ്ങളെയും കോൺഗ്രസിനെയും തോൽപ്പിച്ച് 18 സീറ്റുമായി ലോക്സഭയിൽ പോയ ഇടതുപക്ഷം ബിജെപിയെ അധികാരത്തിൽ നിന്നും ഒഴിവാക്കാൻ അധികാരത്തിനു പുറത്തുനിന്ന് നിരുപാധികം യുപിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച പ്രസ്ഥാനമാണ്. ഈ നിലപാട് കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് ഉറപ്പുള്ളകാര്യമാണ്. ആര് ബിജെപിയോടൊപ്പം ചേർന്നാലും ഇടതുപക്ഷം അവരോടൊപ്പം ഉണ്ടാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button