തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെ സീറോമലബാര്‍സഭ സ്വാഗതം ചെയ്തു എന്ന വിധത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ പ്രചരിക്കുന്ന പ്രസ്താവന വ്യാജമെന്ന് സീറോമലബാര്‍സഭ പിആര്‍ഒ ഫാ. ആന്റണി വടക്കേകര.
ആലഞ്ചേരിയുടെ പേരില്‍ ഒരു വ്യാജവാര്‍ത്ത സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു എന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയിട്ടില്ലെന്നും ഫാ. ആന്റണി വടക്കേകര പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും വാസ്തവവിരുദ്ധവമാണെന്നും അദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ഏകീകൃത സിവില്‍കോഡ് നിയമത്തെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് എത്തിയിരുന്നു. നിയമങ്ങള്‍ മതത്തിന് അതീതമാകണമെന്നും ഏകീകൃത സിവില്‍കോഡ് പ്രാബല്യത്തില്‍ വന്നാല്‍ നീതിന്യായ സംവിധാനം കുറേക്കൂടി കാര്യക്ഷമമാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
‘വ്യക്തിനിയമങ്ങള്‍ അടിസ്ഥാനമാക്കി രാജ്യമെമ്പാടും ഉത്ഭവിക്കുന്ന ലക്ഷക്കണക്കിന് കേസുകള്‍ ഇല്ലാതാകും. വ്യവഹാരം ലളിതമാകും. വിവേചനപരമായ നിയമവ്യവസ്ഥകള്‍ ഒഴിവാകും. സങ്കീര്‍ണമായ വ്യക്തിനിയമങ്ങളുടെ നൂലാമാലകളില്‍പ്പെട്ട് നീതിക്കുവേണ്ടി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവരില്ല,’ വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
Post Your Comments