രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഇടിഞ്ഞു. മെയ്, ജൂൺ മാസങ്ങളിൽ കുതിച്ചുയർന്ന നിരക്കുകളാണ് ഇത്തവണ ഇടിഞ്ഞിരിക്കുന്നത്. നേരത്തെ മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരുപതിനായിരം രൂപ വരെ ഉയർന്നിരുന്നു. നിലവിൽ, 4000 രൂപയ്ക്ക് മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാനാകും. മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് പറക്കാൻ ഇൻഡിഗോയ്ക്ക് 4,029 രൂപ, എയർ ഇന്ത്യയ്ക്ക് 4,051 രൂപ, വിസ്താരയ്ക്ക് 4,112 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
ദീർഘനാളുകൾക്ക് ശേഷമാണ് 24 മണിക്കൂറിനു മുൻപേ എടുക്കാവുന്ന നോൺ സ്റ്റോപ്പ് ടിക്കറ്റ് നിരക്കുകൾ 4000 രൂപയിൽ എത്തുന്നത്. രാജ്യത്ത് മൺസൂൺ കാറ്റ് വീശി തുടങ്ങിയതോടെ യാത്രാ സീസണിന് വിരാമമായിട്ടുണ്ട്. ഇതോടെയാണ് ടിക്കറ്റ് നിരക്കുകൾ കുത്തനെ താഴ്ന്നത്. മറ്റ് ആഭ്യന്തര റൂട്ടുകളിലും ടിക്കറ്റ് നിരക്കുകൾ കുറവാണ്. രാജ്യത്തെ പ്രമുഖ ബജറ്റ് കാരിയരായ ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിയത് മെയ്, ജൂൺ മാസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ കാരണമായിരുന്നു. മെയ് അവസാന വാരം മുതൽ ജൂൺ ആദ്യ വാരം വരെ എക്കാലത്തെയും ഉയർന്ന നിലയിലായിരുന്നു ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ.
Also Read: വ്യാജലഹരി കേസ്: കളളക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
Post Your Comments