Latest NewsKeralaNewsIndia

കഞ്ചാവ് കടത്ത് മാഫിയ സംഘത്തിന്റെ വനിതാ നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: ഒരുകാലത്ത് മാവോയിസ്റ്റ് സാന്നിധ്യം കൊണ്ട് അറിയപ്പെട്ടിരുന്ന സ്ഥലങ്ങളാണ് ഒഡീഷയിലെ ഗജപതി, ഗഞ്ചം, റായ്ഗഡ ജില്ലകൾ. എന്നാൽ ഇന്നവ കുപ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത് അനധികൃത കഞ്ചാവ് കൃഷിക്കാണ്. കാടുകളാൽ ചുറ്റപ്പെട്ട വിദൂര ഗ്രാമങ്ങളിൽ വൻതോതിൽ കഞ്ചാവ് കൃഷിചെയ്യുന്നു. കഞ്ചാവ് വേട്ടയ്ക്കിറങ്ങുന്ന പോലീസിനെ ആക്രമിക്കുന്നതും പോലീസ് പിടികൂടുന്ന പ്രതികളെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് മോചിപ്പിക്കുന്നതും പതിവാണിവിടെ.

Read Also: വമ്പൻ ഡിസ്കൗണ്ടിൽ മോട്ടോറോള ജി32! പരിമിതകാല ഓഫറുമായി ഫ്ലിപ്കാർട്ട്

കേരളത്തിൽ നിന്ന് 1800 കിലോമീറ്ററിലധികം ദൂരമുണ്ട് ഒഡീഷയിലെ ഈ ഉൾഗ്രാമങ്ങളിലേയ്ക്ക്. ഇത്തരത്തിൽ അപകടം നിറഞ്ഞ ഗ്രാമത്തിൽ നിന്നാണ് തൃശ്ശൂർ സിറ്റിയിലെ നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ റ്റി ജി ദിലീപും സംഘവും അതിസാഹസികമായി ഗഞ്ചറാണി എന്ന് കുപ്രസിദ്ധിയാർജ്ജിച്ച നമിത പരീച്ചയെ പിടികൂടി കേരളത്തിലെത്തിച്ചിരിക്കുന്നത്. വർഷങ്ങളായി കേരളം, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് കടത്തുന്ന മാഫിയ സംഘത്തിന്റെ വനിതാ നേതാവാണ് നമിത.

തൃശ്ശൂർ ജില്ലയിൽ ആഡംബരക്കാറിൽ കൊണ്ടുവന്ന 221 കിലോ കഞ്ചാവ് പിടികൂടിയതാണ് മാഫിയാസംഘത്തിന്റെ അറസ്റ്റിലേയ്ക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ നടത്തിയ അന്വേഷണം ചെന്നുനിന്നത് ഒഡീഷയിലെ ഗജപതി ജില്ലയിൽ. മെയ് അഞ്ചിനാണ് 221 കിലോ കഞ്ചാവുമായി നെടുപുഴ സ്റ്റേഷൻ പരിധിയിലെ ചിയ്യാരത്തുനിന്ന് നാലംഗസംഘം അറസ്റ്റിലായത്.

തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക് ഇത്രവലിയ അളവിൽ കഞ്ചാവ് എത്തുന്നതിന്റെ ഉറവിടം കണ്ടെത്താൻ നിർദ്ദേശിച്ച് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. അറസ്റ്റിലായവരിൽ നിന്ന് ഗഞ്ചറാണി എന്നറിയപ്പെടുന്ന നമിതയെ കുറിച്ചറിഞ്ഞ അന്വേഷണസംഘം ഇവരെയും ഇവരുടെ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു. 20 വർഷമായി ഒഡീഷയിൽ താമസിക്കുന്ന മലയാളിയായ സാജൻ എന്നയാളാണ് ഇവരുടെ ഭർത്താവെന്ന് കണ്ടെത്തിയ പോലീസ് ഇയാളുടെ നീക്കങ്ങൾ മനസിലാക്കി.

കഞ്ചാവ് വിറ്റ പണം വാങ്ങാനായി കേരളത്തിൽ എത്തിയ സാജനെ സംഘം തന്ത്രപൂർവ്വം പിടികൂടി. ഇയാളായിരുന്നു കേരളത്തിലെ കഞ്ചാവ് കച്ചവടത്തിൻറെ ഇടനിലക്കാരൻ. അപൂർവ്വമായി മാത്രം കേരളത്തിലെത്തുന്ന സാജന്റെ അറസ്റ്റ് കേസിൽ വഴിത്തിരിവായി.

സാജനുമായി പ്രത്യേക വാഹനത്തിൽ ഒഡീഷയിലെത്തി പത്തുദിവസം അതിരഹസ്യമായി ക്യാമ്പ് ചെയ്ത അന്വേഷണസംഘം കഞ്ചാവ് മാഫിയെ കുറിച്ചുളള സുപ്രധാനവിവരങ്ങൾ കണ്ടെത്തി. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവരുടെ നീക്കങ്ങൾ മനസിലാക്കിയ പോലീസ് വിദൂരഗ്രാമങ്ങളിൽ നിന്ന് ബർഹാംപൂരിലെ ദേശീയപാതയിൽ വാഹനങ്ങളിൽ കഞ്ചാവ് എത്തിച്ചുനൽകുന്ന അരുൺ നായിക്കിനെ അതിവിദഗ്ദ്ധമായി പിടികൂടി.

ഇയാളുടെ സഹായത്തോടെ ഗജപതി ജില്ലയിലെ ചുഡാംഗ്പൂർ എന്ന ഗ്രാമത്തിൽ നിന്ന് നമിത പരീച്ചയെ കണ്ടെത്തി. എന്നാൽ ഗ്രാമത്തിൽ കയറി കഞ്ചാവ് മാഫിയാ ഗാങ്ങിന്റെ നേതാവിനെ പിടികൂടുക എളുപ്പമായിരുന്നില്ല. ഒഡീഷ കേഡറിലെ മലയാളി ഐപിഎസ് ഓഫീസറായ സ്വാതി.എസ്.കുമാർ ജില്ലയിലെ അഡബ, മോഹന എന്നീ പോലീസ് സ്റ്റേഷനുകളിൽ നിന്നുളള ഉദ്യോഗസ്ഥരുടെ സഹായം ഉറപ്പാക്കിയതോടെ പ്രതിയെ പിടികൂടാനുളള ശ്രമങ്ങൾ ഊർജ്ജിതമാക്കി. തുടർന്ന് ചുഡാംഗ്പൂർ ഗ്രാമത്തിൽ കയറി ഇവരെ അറസ്റ്റ്‌ചെയ്ത് അതിവേഗം കേരളത്തിലെത്തിച്ച് റിമാന്റ് ചെയ്തു. കൂട്ടാളികൾ പലവട്ടം പോലീസ് പിടിയിലായിട്ടുണ്ടെങ്കിലും ആദ്യമായാണ് നമിത പരീച്ച അറസ്റ്റിലാകുന്നത്. കഞ്ചാവ് വാങ്ങാനായി വരുന്നവരുടെ വാഹനങ്ങൾ 90 കിലോമീറ്റർ അകലെയുളള ബെർഹാംപൂരിലെ ദേശീയപാതയിലെത്തി ഏറ്റുവാങ്ങി കഞ്ചാവ് നിറച്ച് തിരികെ നൽകുകയാണ് സംഘത്തിന്റെ രീതി.

കേരളാ പോലീസ് കഞ്ചാവ് മാഫിയയുടെ താവളത്തിലെത്തി അതിസാഹസികമായി മാഫിയാ നേതാവിനെ അറസ്റ്റ് ചെയ്തത് ഒഡീഷയിലെ മാധ്യമങ്ങൾ അതീവപ്രാധന്യത്തോടെ റിപ്പോർട്ട് ചെയ്തു. പല സംസ്ഥാനങ്ങളിൽ നിന്നും ഇവരെ തിരഞ്ഞ് പോലീസ് സംഘമെത്താറുണ്ടെങ്കിലും അറസ്റ്റ് ചെയ്യാനായത് കേരളാ പോലീസിന് മാത്രമാണ്. നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ ടി ജി ദിലീപിനെ കൂടാതെ തൃശ്ശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ വിഭാഗത്തിലെ എസ്‌ഐ പി രാഗേഷ്, എഎസ്‌ഐ സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി പി ജീവൻ, വിബിൻദാസ്, രഞ്ജിത്ത്, അക്ഷയ്, അർജ്ജുൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Read Also: മലയോര ജനതക്കെതിരെ പ്രവര്‍ത്തിക്കുന്ന കള്ളനാണ് ഹരീഷ് വാസുദേവന്‍,ഹൈക്കോടതി തീരുമാനം പുന;പരിശോധിക്കണം: എം.എം മണി

shortlink

Related Articles

Post Your Comments

Related Articles


Back to top button