ആദ്യ രാത്രിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തെലങ്കാനയിലെ സെക്കന്തരാബാദ് സ്വദേശിനിയായ യുവതിയാണ് ആദ്യരാത്രിയിൽ പ്രസവിച്ചത്. യുവതിയുടെ വീട്ടുകാർക്ക് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയാമായിരുന്നെന്ന ആരോപണവുമായി വരന്റെ ബന്ധുക്കൾ രംഗത്തെത്തി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇരു വീട്ടുകാരും. യുവതിയെ സ്വീകരിക്കാൻ ഭർത്താവ് തയ്യാറാകാതിരുന്നതോടെ യുവതിയെ മാതാപിതാക്കൾ ഒപ്പം കൊണ്ടുപോയി എന്നാണ് റിപ്പോർട്ട്.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ഗ്രേറ്റർ നോയിഡ സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത് സെക്കന്തരാബാദ് സ്വദേശിനിയായ യുവതിയെയാണ്. ഇക്കഴിഞ്ഞ 26-ാം തീയതിയായിരുന്നു വിവാഹം. ആദ്യരാത്രിയിൽ യുവതി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ യുവാവ് തന്നെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്കൊടുവിൽ യുവതി ഏഴുമാസം ഗർഭിണിയാണെന്ന് ഡോക്ടർ അറിയിച്ചു.
യുവാവ് പെട്ടെന്ന് തന്നെ വിവരം യുവതിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. മാതാപിതാക്കൾ എത്തുന്നതിന് മുമ്പ് തന്നെ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. യുവതിയുടെ വീട്ടുകാർക്ക് ഗർഭിണി ആണെന്ന് അറിയാമായിരുന്നെങ്കിലും ഇത് മറച്ചുവെച്ചാണ് വിവാഹം നടത്തിയതെന്ന് യുവാവിന്റെ വീട്ടുകാർ ആരോപിച്ചു.
വിവാഹത്തിന് മുൻപ് തന്നെ യുവതിയുടെ വയർ വീർത്തിരിക്കുന്നത് വരന്റെയും വീട്ടുകാരുടെയും ശ്രദ്ധയിൽപെട്ടിരുന്നു. ഇതിന്റെ കാരണം ചോദിച്ചപ്പോൾ യുവതിക്ക് കിഡ്‌നി സ്റ്റോൺ ആയിരുന്നുവെന്നും സർജറിക്ക് ശേഷമാണ് വയർ ഇങ്ങനെ ആയതെന്നുമാണ് വീട്ടുകാർ വരന്റെ ബന്ധുക്കളെ അറിയിച്ചത്.
എന്നാൽ, ഗർഭിണിയായ യുവതിയെ അറിഞ്ഞുകൊണ്ട് വിവാഹം കഴിപ്പിച്ചെന്നാണ് വരനും വീട്ടുകാരും ആരോപിക്കുന്നത്. ഇനി യുവതിയെ ഒപ്പം താമസിപ്പിക്കാനാകില്ലെന്നും യുവാവ് നിലപാടെടുത്തു. ഇതോടെയാണ് യുവതിയെ മാതാപിതാക്കൾ ഒപ്പം കൊണ്ടുപോയത്. ഇതോടെ യുവാവ് സംഭവത്തിൽ നിയമനടപടികൾ വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
Post Your Comments