ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെതിരെ ട്വിറ്റര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. മൈക്രോബ്ലോഗിങ് സൈറ്റിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി, കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുകളെയാണ് ട്വിറ്റര്‍ കഴിഞ്ഞ വര്‍ഷം ചോദ്യം ചെയ്തത്. 2021 ഫെബ്രുവരിക്കും 2022 ഫെബ്രുവരിക്കും ഇടയില്‍ 39 യൂണിഫോം റിസോഴ്സ് ലൊക്കേറ്ററുകള്‍ (യുആര്‍എല്‍) ബ്ലോക്ക് ചെയ്യാനാണ് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നത്.
2022ല്‍, പുതിയ ഐടി നിയമങ്ങള്‍ പ്രകാരം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് ചില ഉള്ളടക്കം നീക്കം ചെയ്യാനുള്ള കേന്ദ്രത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ട്വിറ്റര്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. വാദം കേള്‍ക്കുന്നതിനിടെ, അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവില്‍ അതിനുള്ള കാരണങ്ങള്‍ കൂടി സൂചിപ്പിക്കണമെന്ന് ട്വിറ്റര്‍ ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍ ട്വിറ്റര്‍ കുറെ വര്‍ഷങ്ങളായി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. അക്കൗണ്ട് ബ്ലോക്കാക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് സര്‍ക്കാരും ട്വിറ്റര്‍ പ്രതിനിധികളും തമ്മില്‍ 50 ഓളം കൂടിക്കാഴ്ചകള്‍ നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാതിരിക്കാന്‍ ട്വിറ്ററിന് വ്യക്തമായ ഉദ്ദേശ്യമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
Post Your Comments