മണിപ്പൂര്‍: കലാപബാധിതമായ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ യാത്ര ബിഷ്ണുപൂരില്‍ വച്ച് മണിപ്പൂര്‍ പൊലീസ് തടഞ്ഞു. രാഹുലിനെതിരെ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തി ഒരു വിഭാഗം രംഗത്ത് വന്നതോടെയാണ് യാത്ര തടഞ്ഞത്. ഇതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം രൂക്ഷമായി.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവയ്ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ യാത്ര തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകള്‍ അടക്കമുളള ജനാവലി പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.
തുടര്‍ന്ന് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശനം മതിയാക്കി ഇംഫാലിലേക്ക് മടങ്ങി. മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ റോഡ്മാര്‍ഗം സന്ദര്‍ശിക്കാന്‍ അനുവദിക്കല്ലന്നും പകരം ഹെലികോപ്റ്ററില്‍ യാത്ര തുടരാമെന്നും വ്യക്തമാക്കിയാണ് മണിപ്പൂര്‍ പൊലീസ് രാഹുല്‍ഗാന്ധിയുടെ യാത്ര തടഞ്ഞത്.
‘കലാപ ബാധിത പ്രദശമായ ചുരാചന്ദ് പൂരിലേക്കുളള യാത്രയിലായിരുന്നു രാഹുല്‍. സംഘര്‍ഷം നടക്കുന്ന മേഖലയിലേക്ക് രാഹുലിനെ കടത്തിവിടാനാവില്ലെന്ന നിലപാടാണ് മണിപ്പൂര്‍ പൊലീസ് സ്വീകരിച്ചത്. എന്തിനാണ് രാഹുലിനെ പൊലീസ് തടഞ്ഞതെന്ന് അറിയില്ല,’ യാത്രയിൽ രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കി.
‘കലാപ ബാധിതരായ മനുഷ്യരെ കാണുകയെന്ന ഉദ്ദേശ്യം മാത്രമെ രാഹുല്‍ ഗാന്ധിക്കുള്ളു. ഏകദേശം 25 കിലോ മീറ്ററോളം സഞ്ചരിച്ചതില്‍ ഒരിടത്ത് പോലും റോഡില്‍ തടസം നേരിട്ടിട്ടില്ല. രാഹുലിനെ തടയാന്‍ ആരാണ് മണിപ്പൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതെന്ന് അറിയില്ല,’ കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
Post Your Comments