ചണ്ഡിഗഢ്: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി താനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസില്‍ വ്യവസായി പിടിയിൽ. ബിസിനസ് തകർന്ന ഇയാൾ നാല് കോടി രൂപയുടെ ഇൻഷുറൻസ് പണം ലഭിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് വ്യവസായി ഗുർപ്രീത് സിങ്, ഭാര്യ ഖുശ്ദീപ് കൗർ എന്നിവരുൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുഖ്വീന്ദർ സിങ് സംഘ, ജസ്പാൽ സിങ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവരാണ് കേസിൽ പിടിയിലായ മറ്റ് നാല് പേർ. ഗുർപ്രീതിന്റെ സുഹൃത്ത് സുഖ്ജിത്തിനെയാണ് സംഘം കൊലപ്പെടുത്തിയത്.
ജൂൺ 19 മുതൽ സുഖ്ജിത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ പട്യാല റോഡിലെ ഒരു കനാലിന് സമീപം സുഖ്ജിത്തിന്റെ ഇരുചക്രവാഹനവും ചെരിപ്പും കണ്ടെത്തി. ഇയാള്‍ ആത്മഹത്യ ചെയ്തെന്നായിരുന്നു സംശയം. എന്നാൽ ഇതിനിടെയാണ് ഗുർപ്രീത് ഭർത്താവിന് സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നുവെന്ന് സുഖ്ജിത്തിന്റെ ഭാര്യ വെളിപ്പെടുത്തുന്നത്. എന്നാൽ, ഇതേക്കുറിച്ച് അന്വേഷിക്കാനെത്തിയപ്പോൾ ഗുർപ്രീത് ഒരാഴ്ച മുമ്പ് വാഹനാപകടത്തിൽ മരിച്ചുപോയതായി കുടുംബം അറിയിച്ചു. ഇതാണ് പോലീസിന് സംശയം തോന്നാൻ ഇടയാക്കിയതും കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലേക്ക് അന്വേഷണം എത്തിയതും. തുടർന്ന് ഇവരുടെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
Post Your Comments