KeralaLatest NewsIndia

ഇനി ഇൻജെക്ഷനെ ഭയപ്പെടേണ്ട: വേദനയില്ലാത്ത കുത്തിവെപ്പ് കണ്ടുപിടിച്ചു, നേട്ടത്തിന് പിന്നിൽ മലയാളി വനിതയും

തൃശ്ശൂർ: ഇനി കുത്തിവെപ്പിനെ പേടിക്കണ്ട.  ഉറുമ്പുകടിക്കുന്ന വേദനപോലും ഇനി ഉണ്ടാവില്ല. വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകൾ കുറഞ്ഞചെലവിൽ നിർമിക്കാനുള്ള രീതിവരുന്നു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു സംഘം ഗവേഷകരാണ് ഇതിന് പിന്നിൽ. ഗവേഷണ സംഘത്തിൽ മലയാളി വനിത. ഡോ. അനു രഞ്ജിത്തും ഉണ്ട്.

കുത്തിവെപ്പ് സമയത്ത് തൊലിയുടെ അടിയിലുള്ള നാഡികളിൽ സിറിഞ്ച് കൊള്ളുമ്പോഴാണ് വേദനയുണ്ടാകുന്നത്. മൈക്രോ നീഡിൽ തൊലിയുടെ തൊട്ടുതാഴെ വരെയേ എത്തുന്നുള്ളൂ. അതിനാലാണ് വേദനയില്ലാത്തത്. ദിവസേന ഒന്നിലധികം തവണ ഇൻസുലിൻ എടുക്കേണ്ടിവരുന്ന രോഗികൾക്കും കൊച്ചുകുട്ടികൾക്കും മൈക്രോനീഡിൽ ഉപകാരപ്രദമാവും. നിബ് ഇല്ലാത്ത പേന പോലെ, ഒരു പിരമിഡിന്റെ ആകൃതിയിലാണ് മൈക്രോനീഡിലിന്റെ അറ്റം. 700-800 മൈക്രോൺ (ഒരു മൈക്രോൺ എന്നാൽ ഒരു മില്ലിമീറ്ററിന്റെ 75 ശതമാനം) ആണ് ഇതിന്റെ കനം. കൂടാതെ 30 മൈക്രോണാണ് സൂചിയുടെ അഗ്രത്തിന്റെ വ്യാസം. നിബ് ഇല്ലാത്ത പേന എപ്രകാരമാണോ അതുപോലെയാണ് ഐ.ഐ.എസ്. വികസിപ്പിച്ച മൈക്രോനീഡിൽ മാതൃക.

വേദനയില്ലാതെ കുത്തിവെക്കാവുന്ന പോളിമെറിക് നീഡിലുകൾ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ ചെലവ് കൂടുതലാണ്. നിലവിൽ രാജ്യത്ത് ഇതുപയോഗത്തിലില്ല. പോളിമെറിക് ലായനി അച്ചിൽ (കാസ്റ്റ് മോൾഡ്) ഒഴിച്ചാണ് പുതിയ മൈക്രോനീഡിൽ ഉണ്ടാക്കുന്നത്. സാധാരണ താപനിലയിൽ ഖരാവസ്ഥയിലെത്തുമെന്നതിനാൽ സമയം ലാഭിക്കാം. നിലവിലെ രീതി ഇതിനെക്കാൾ സങ്കീർണമാണ്.ചെലവു കുറവായതിനാൽ പുതിയ മാതൃക വിപണിയിലും സ്വീകാര്യമാകും. ആകൃതിയിലെ പ്രത്യേകതമൂലം 20 ശതമാനം കുറവ് മരുന്ന് മതിയെന്നതും നേട്ടമാണ്.

തൃശ്ശൂർ സ്വദേശിനിയാണ് ഡോ.അനു. ബെംഗളൂരു നാഷണൽ എയറോസ്പേസ് ലബോറട്ടറിയിൽ സീനിയർ റിസർച്ച് അസോസിയേറ്റാണ് ഡോ. അനു. ഭർത്താവ് രഞ്ജിത്ത് ജോർജ്, മക്കൾ എന്നിവർക്കൊപ്പം ബെംഗളൂരുവിൽ തന്നെയാണ് അനു താമസിക്കുന്നത്.

shortlink

Post Your Comments


Back to top button