Latest NewsKeralaIndiaInternational

ഈജിപ്ത് സന്ദർശനവേളയിൽ പ്രധാനമന്ത്രിക്ക് ഭക്ഷണമൊരുക്കിയത് മലയാളിയായ അനൂപ് അഷ്‌റഫ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈജിപ്ത് സന്ദർശനവേളയിൽ ഭക്ഷണമൊരുക്കിയത് മലയാളി. കളമശേരി ഏലൂർ സ്വദേശി അനൂപ് അഷ്റഫാണ് പ്രധാനമന്ത്രിക്ക് വിഭങ്ങള്‍ തയാറാക്കി വിളമ്പിയത്‌. സിപിഎം ഏലൂർ ലോക്കൽ കമ്മിറ്റി അംഗമായ പാണാട്ടിൽ അഷ്റഫിന്റെയും സൈനബയുടെയും മകനാണ് അനൂപ്. അഷ്റഫിന്റെ സഹോദരിയുടെ മകനാണ് സിനിമാ സംവിധായകൻ നാദിർഷാ.

കെയ്‌റോ നൈൽ റിട്സ്കാൾടൺ ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫായി ജോലി ചെയ്യുകയാണ് അനൂപ്.ശനിയും ഞായറുമാണ് പ്രധാനമന്ത്രി ഹോട്ടലിൽ തങ്ങിയത്. ഈ സമയം ഭക്ഷണച്ചുമതല അനൂപിനായിരുന്നു. ഭക്ഷണത്തിൽ സംതൃപ്തനായ പ്രധാനമന്ത്രി അനൂപിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. വിദേശമന്ത്രി ജയശങ്കറും ഒപ്പമുണ്ടായിരുന്നു.മൂന്നുവർഷമായി കെയ്റോയിലെ ഹോട്ടലിലാണ് അനൂപ് ജോലിചെയ്യുന്നത്.

പാചകരംഗത്ത് 19 വർഷമായുള്ള അനൂപ്‌ കളമശേരി ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് പാചകം പഠിച്ചത്. 16 വർഷം വിദേശത്ത് ജോലി ചെയ്ത അനൂപ് കൊച്ചിയിലെ ട്രൈഡന്റ്‌, ലെ മെറിഡിയൻ എന്നി ഹോട്ടലുകളിലും ആലപ്പുഴയിലെ ഒബ്‌റോയ് വൃന്ദ എന്ന ആഡംബര ക്രൂസിലും പ്രവർത്തിച്ചിരുന്നു. ഖത്തർ, ജിദ്ദ, മലേഷ്യ തുടങ്ങി ഒമ്പത് രാജ്യങ്ങളിലും ഒമാൻ രാജകുടുംബത്തിന്റെ ഷെഫായും പ്രവർത്തിച്ചു.

വെള്ളിയാഴ്ച ഡൽഹിയിലും തിരുവനന്തപുരത്തുമുള്ള ഉദ്യോഗസ്ഥർ അനൂപിന്റെ വീട്ടിലെത്തി അഷ്റഫിനോട് കുടുംബത്തെപ്പറ്റിയും മറ്റും അന്വേഷിച്ചിരുന്നു. അനൂപ് അടുത്തദിവസം വീട്ടിലെത്തുമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു. സജനയാണ് ഭാര്യ. മക്കൾ സമ്റയും സാക്കിയും.

shortlink

Post Your Comments


Back to top button