Latest NewsKeralaNews

സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുന്നു, ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ ആശുപത്രികളില്‍ പനിബാധിതര്‍ക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക് ആരംഭിക്കുന്നതിനും ഒ.പി ടിക്കറ്റ് എടുക്കുന്നതിനും മരുന്നു വാങ്ങുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും ഡിഎംഒ അറിയിച്ചു.

Read Also: പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്ട്മെന്റ് നടപടികൾ പൂർത്തിയായി, പ്രവേശനം നേടിയത് 2.15 ലക്ഷം കുട്ടികൾ

ജില്ലയില്‍ ഡെങ്കിപ്പനിക്ക് പുറമെ ഇന്‍ഫ്‌ലുവന്‍സ,എലിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളില്‍ വേദന തുടങ്ങിയവയാണ് ഡെങ്കിപ്പനി ലക്ഷണങ്ങള്‍. 3 ദിവസത്തിനുശേഷവും കടുത്ത ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിശോധനയ്ക്ക് വിധേയമാകണം. പനി,ദേഹത്ത് തിണര്‍പ്പ്, തലവേദന തുടങ്ങിയവയാണ് സിക ലക്ഷണങ്ങള്‍. ഗര്‍ഭിണികള്‍ക്ക് ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടണം.

ഈഡിസ് കൊതുക് പരത്തുന്ന ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, സിക എന്നിവയെ പ്രതിരോധിക്കുന്നതിനായി എല്ലാ ഞായറാഴ്ച്ച കളിലും വീടിനകത്തും പുറത്തും കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനായി ഡ്രൈ ഡേ ആചരിക്കണം. പനി, ഛര്‍ദ്ദി, തൊണ്ടവേദന തുടങ്ങിയ വയാണ് വൈറല്‍പ്പനി ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമത്തില്‍ കഴിയുക. കഴിയുന്നതും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക. പുറത്ത് ഇടപഴകുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ വിദ്യാലയങ്ങളിലേയ്ക്ക് അയയ്ക്കരുത്. പ്രായാധിക്യമുള്ളവര്‍, കുട്ടികള്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് ചികിത്സ തേടുക.

ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയില്‍, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ് എച്ച് 1 എന്‍ 1 ലക്ഷണങ്ങള്‍. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, വൃക്ക-കരള്‍ രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍, ഗര്‍ഭിണികള്‍, പൊണ്ണത്തടിയുള്ളവര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനെ ചികിത്സ തേടണം. എച്ച് 1 എന്‍ 1 ചികിത്സയ്ക്കുള്ള ഒസള്‍ട്ടമിവിര്‍ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.

ഈ-സഞ്ജീവനിയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം. esanjeevaniopd.in എന്ന അഡ്രസ്സില്‍ ലോഗിന്‍ ചെയ്യാവുന്നതാണ്. സംശയനിവാരണത്തിനായി ദിശയുമായി ബന്ധപ്പെടാം. ദിശ നമ്പര്‍ : 1056/104/ 0471 255 2056.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button