ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് അടിയന്തരമായി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. സിപിഎം കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് അംഗമാണ് നിലവില്‍ ഒളിവിലായ നിഖില്‍.
സാധാരണയായി പാര്‍ട്ടി അംഗത്തെ പുറത്താക്കുന്നതിന് മുന്നോടിയായി സ്വീകരിക്കാറുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തരമായി തന്നെ നിഖില്‍ തോമസിനെ പുറത്താക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആവശ്യം. ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. നിഖില്‍ പ്രതിയായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദം പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് അടിയന്തരമായി പുറത്താക്കാന്‍ തീരുമാനമായത്.
കായംകുളം എംഎസ്എം കോളേജില്‍ എം കോം അഡ്മിഷനായി കലിംഗ സര്‍വകലാശാലയുടെ പേരില്‍ നിഖില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായി തെളിഞ്ഞതോടെ എസ്എഫ്ഐയും സിപിഎമ്മും ഒരു പോലെ പ്രതിരോധത്തിലായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കാനായി ഇപ്പോള്‍ വിദേശത്തുള്ള മുന്‍ എസ്എഫ്ഐ നേതാവിന്റെ സഹായം നിഖിലിന് ലഭിച്ചിരുന്നതായി സുഹൃത്ത് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. നിഖിലിന് പരസഹായം ലഭിച്ചതായുള്ള സൂചനകളുള്ളതിനാല്‍ കേസില്‍ കൂട്ടുപ്രതികളുണ്ടാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ കാണാനായി തലസ്ഥാനത്തേയ്ക്ക് തിരിച്ചതായി പറയപ്പെടുന്ന നിഖിലിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. കായംകുളം ഡിവൈ.എസ്.പി അജയനാഥിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് ടീമുകളായി ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് നിഖിലിനെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments