പാലക്കാട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ മുൻനേതാവ് കെ വിദ്യ (27) പോലീസ് പിടിയിൽ. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി എട്ടിന് കോഴിക്കോട് മേപ്പയ്യൂർ ആവള കുട്ടോത്തുനിന്നാണ് പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ബുധനാഴ്ച രാത്രി 12.30 ഓടെ പോലീസ് വിദ്യയെ അഗളി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കോട്ടത്തറ ആശുപത്രിയിൽ നിന്ന് ഡോക്ടർ അഗളി പോലീസ് സ്റ്റേഷനിൽ എത്തി വൈദ്യപരിശോധന നടത്തി. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ കരുവാക്കിയതെന്നാണ് വിദ്യ പോലീസിനോട് പറഞ്ഞത്. വിശദ മൊഴിയെടുപ്പിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
പാലക്കാട് അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് അധ്യാപികയാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെപേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചമച്ചെന്നാണ് കേസ്. വിദ്യ കുറ്റക്കാരിയാണെന്നു കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രവൃത്തിപരിചയരേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോർട്ട് നൽകി.
രണ്ടാഴ്ചയായി അഗളി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തുകയായിരുന്നു. പാലക്കാട് എസ്പി ആർ ആനന്ദ് നടപടികൾ ഏകോപിപ്പിച്ചു. അഗളി സിഐ എ സലീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നത്.
അഗളി പുതൂർ എസ്ഐ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പയ്യൂരിലെത്തി വിദ്യയെ പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ ബിന്ദുശിവ, പ്രിൻസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post Your Comments