Latest NewsKeralaNews

ശീതള്‍ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പറവൂർ: ചെറായി ബീച്ചിൽവച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം നെടുങ്കുന്നം പാറത്തോട്ടുങ്കൽ പ്രശാന്തിന് (34) പറവൂർ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം തടവനുഭവിക്കണം.

വരാപ്പുഴ മുട്ടിനകത്ത് ഉദയകുമാറിന്റെ മകൾ ശീതളാണ് (29) കൊല്ലപ്പെട്ടത്. 2017 ഓഗസ്റ്റ് 11ന് രാവിലെ 11ന് ചെറായി ബീച്ചിലെ ഒരു സ്വകാര്യ റിസോർട്ടിന് എതിർ വശത്തുവച്ചാണ് സംഭവം നടന്നത്. യുവതിയുടെ നെഞ്ചിലും വയറ്റത്തും കത്തി കുത്തിയിറക്കിയതായാണ് കേസ്. വരാപ്പുഴയിൽ കേബിൾ ടിവി നെറ്റ്‌വർക്കിലെ ജീവനക്കാരനായിരുന്നു പ്രശാന്ത്. ശീതളിന്റെ വീടിനു മുകളിൽ ഇയാളും സുഹൃത്തുക്കളും വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വിവാഹ മോചനം കഴിഞ്ഞുനിൽക്കുന്ന ശീതളിനെ പതിവായി സ്നേഹം നടിച്ച് ശല്യപ്പെടുത്തിയിരുന്നു. സംഭവ ദിവസം ഇയാൾ ശീതളിനെയും കൂട്ടി ചെറായി ബീച്ചിൽ എത്തി.

വാക്കുതർക്കത്തിനിടെ, കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശീതൾ ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു.

രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ദുരുദ്ദേശ്യം മനസ്സിലാക്കി സൗഹാർദം ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്ന് പ്രോസിക്യൂഷൻ പറയുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും പിൻബലത്തിലാണ് കുറ്റപത്രം തയ്യാറാക്കി സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button