രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ വീണ്ടും റദ്ദ് ചെയ്തു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 25 വരെയുള്ള എല്ലാ സർവീസുകളുമാണ് റദ്ദ് ചെയ്തത്. നേരത്തെ ജൂൺ 24 വരെയുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ദിവസം കൂടി ദീർഘിപ്പിച്ചത്. യാത്രാ തടസം നേരിട്ട മുഴുവൻ യാത്രക്കാരോടും ഗോ ഫസ്റ്റ് ക്ഷമ ചോദിച്ചിട്ടുണ്ട്. കൂടാതെ, ടിക്കറ്റ് തുക ഉടൻ റീഫണ്ട് ചെയ്യുന്നതാണ്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദ് ചെയ്യുന്നത് വീണ്ടും ദീർഘിപ്പിച്ചത്. ജൂൺ 22 നകം സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഗോ ഫസ്റ്റിന് സാധിച്ചിട്ടില്ല. പ്രതിസന്ധികൾ ഉടനടി പരിഹരിക്കുമെന്നും, പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി.
Also Read: പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണം: ആഹ്വാനവുമായി മുഖ്യമന്ത്രി
മെയ് ആദ്യ വാരമാണ് ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദ് ചെയ്യാൻ ആരംഭിച്ചത്. തുടർന്ന് സ്വമേധയാ പാപ്പരാത്ത ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഈ മാസം ആദ്യമാണ് ഡിജിസിഐക്ക് മുമ്പാകെ പുനരുജ്ജീവന പദ്ധതി സമർപ്പിച്ചത്. ഇന്ത്യൻ വ്യോമയാന രംഗത്ത് 6.4 ശതമാനം വിപണി വിഹിതമാണ് ഗോ ഫസ്റ്റിന് ഉള്ളത്.
Post Your Comments