ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിൽനിന്ന് തോക്ക് പിടിച്ച സംഭവത്തിൽ അറസ്റ്റിലായ ടി.പി. ചന്ദ്രശേഖരൻവധക്കേസിലെ പ്രതി ടി.കെ. രജീഷിന്റെ രാഷ്ട്രീയ, സാമ്പത്തിക പശ്ചാത്തലം ബെംഗളൂരു പോലീസ് അന്വേഷിക്കുന്നു. രജീഷിനെ കബൺപാർക്ക് പോലീസാണ് ചോദ്യം ചെയ്യുന്നത്. ഒരാഴ്ചമുമ്പ് തോക്കുമായി പിടിയിലായ നീരജ് ജോസഫുമായി രജീഷിനുള്ള ബന്ധത്തെക്കുറിച്ചും തോക്ക് വാങ്ങിയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കബൺപാർക്ക് പോലീസ് ഇൻസ്പെക്ടർ സി.ജെ. ചൈതന്യ പറഞ്ഞു.
രജീഷിന്റെ നിർദേശപ്രകാരമാണ് തോക്ക് കൊണ്ടുവന്നതെന്ന നീരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കർണാടക പോലീസ് കണ്ണൂർ സെൻട്രൽജയിലിലെത്തി രജീഷിനെ കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിലെത്തി ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒരാഴ്ചമുമ്പാണ് തദ്ദേശനിർമിത കൈത്തോക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നീരജ് ജോസഫിനെ കബൺപാർക്ക് പോലീസ് പിടികൂടിയത്.
നാഗാലാൻഡിൽനിന്നാണ് തോക്ക് ബെംഗളൂരുവിലെത്തിച്ചതെന്നും കേരളത്തിലേക്ക് കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും കണ്ടെത്തിയിരുന്നു. കേരളത്തിലേക്ക് തോക്ക് കൊണ്ടുപോകുന്നത് രജീഷ് പറഞ്ഞിട്ടാണെന്നായിരുന്നു നീരജിന്റെ മൊഴി. നീരജിൽനിന്ന് മൂന്നു കൈത്തോക്കുകളും 99 വെടിയുണ്ടകളും ആഡംബര കാറും പിടിച്ചെടുത്തിരുന്നു.
Leave a Comment