സംസ്ഥാനത്ത് സ്മാർട്ട് മീറ്ററിന്റെ ടെൻഡറുമായി ബന്ധപ്പെട്ടുള്ള നടപടികൾ പുനരാരംഭിച്ച് കെഎസ്ഇബി. ജൂൺ 15-നകം ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിനുള്ള വായ്പ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ, വിവിധ യൂണിയനുകളുടെ എതിർപ്പുകൾ മറികടന്നാണ് ടെൻഡർ നടപടികൾ പുനരാരംഭിക്കുന്നത്. ഇത്തവണ മൂന്ന് കമ്പനികളാണ് ബിഡ് സമർപ്പിച്ചിട്ടുള്ളത്.
ജെനസ് പവർ സൊല്യൂഷൻസ് ലിമിറ്റഡ്, ജിഎംആർ സ്മാർട്ട് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ്, പോളാരിസ് സ്മാർട്ട് മീറ്ററിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ബിഡ് സമർപ്പിച്ചത്. ഇതിൽ 37 ലക്ഷം സ്മാർട്ട് മീറ്ററുകൾക്കുള്ള ഏറ്റവും കുറഞ്ഞ ടെൻഡർ തുക 3,475.16 കോടി രൂപയാണ്. ഒരു മീറ്ററിന് ഏകദേശം 9500 രൂപയാണ് വില വരിക. അതേസമയം, 6,000 രൂപയാണ് കെഎസ്ഇബി നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന തുക. ഇതിനെ തുടർന്നാണ് ടെൻഡർ നടപടികൾ പുനരാരംഭിക്കുന്നത്.
ഇന്ന് രാവിലെ 11 മണി മുതലാണ് കമ്പനികൾക്ക് ക്വാട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക. ടോട്ടക്സ് മാതൃകയിലാണ് സ്മാർട്ട് മീറ്ററുമായി ബന്ധപ്പെട്ടുള്ള നടപടികൾ പൂർത്തിയാക്കുന്നത്. അതിനാൽ, മുഴുവൻ തുകയും കരാർ കമ്പനി ചെലവാക്കിയതിനു ശേഷം, ഏഴ് വർഷം കൊണ്ട് മുതലും ലാഭവും തിരിച്ച് ഈടാക്കും. ഇതോടെ, കെഎസ്ഇബിക്ക് പണം മുടക്കേണ്ടി വരില്ല. ടോട്ടക്സ് മാതൃക പ്രാബല്യത്തിലായാൽ, ഇവ സ്വകാര്യവൽക്കരണത്തിലേക്ക് നീങ്ങുമെന്നാണ് യൂണിയനുകളുടെ വാദം.
Post Your Comments