KeralaLatest NewsNews

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ കുടുംബത്തിന് അയച്ചു: പണവും ഫോണും തട്ടിയെടുത്ത സംഘം അറസ്റ്റില്‍

തൃശൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മോചനദ്രവ്യം ആവശ്യപ്പെട്ട് മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത മൂന്നംഗ സംഘം അറസ്റ്റില്‍. പനങ്ങാട്ടുകര കോണിപറമ്പില്‍ വീട് സുമേഷ് (29), തെക്കുംകര ചെമ്പ്രാങ്ങോട്ടില്‍ അടങ്ങളം നിജു (42), തെക്കുംകര ഞാറശേരി വളപ്പില്‍ വീട് സോംജിത്ത് (25) എന്നിവരാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശി ഉണ്ണി സുരേഷിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുവന്നത്. ബംഗളൂരുവില്‍ നിന്നും ഉണ്ണി സുരേഷിനെ തട്ടിക്കൊണ്ട് വന്ന് കല്ലംമ്പാറയിലെ ഒഴിഞ്ഞ വീട്ടില്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. ഇയാളെ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി വീട്ടുക്കാര്‍ക്കയച്ചു കൊടുത്ത് ഒരു ലക്ഷം രൂപയും ഫോണും ആണ് പ്രതികള്‍ തട്ടിയെടുത്തത്.

മയക്കുമരുന്ന്, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ സുമേഷിനെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപെട്ട് ബംഗളൂരു പൊലീസിന് ഒറ്റിക്കൊടുത്തുവെന്ന വിരോധത്തിലായിരുന്നു അക്രമം. ഒഴിഞ്ഞ വീട്ടില്‍ രണ്ടു ദിവസത്തോളം തടങ്കലില്‍ വച്ചു. പണം കിട്ടിയശേഷം തൃശൂരില്‍ നിന്നും ബംഗളൂരുവിലേക്ക് പോകും വഴി കോയമ്പത്തൂരില്‍ വച്ച് സംഘത്തില്‍ നിന്നു രക്ഷപ്പെട്ട ഉണ്ണി സുരേഷ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ നിന്നും മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലും സുമേഷ് പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഉണ്ണിയെ സുരേഷിനെ തട്ടികൊണ്ടുപോയത്. കോട്ടയം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. അക്രമികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരുമായി ബന്ധപ്പെട്ടു മയക്കു മരുന്ന് കച്ചവടം നടത്തുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.

എസ്എച്ച്ഒ കെ മാധവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ആനന്ദ്, സാബു തോമസ്, എഎസ്ഐ രാജകുമാരന്‍, സിപിഒമാരായ മനു, അനുരാജ്, വിജീഷ് എന്നിവരുമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button