ലോകത്തിലെ ഏറ്റവും അതിമനോഹരമായ രാജ്യമായി ഇന്ത്യ. ടൈറ്റാൻ എന്ന ട്രാവൽ പോർട്ടൽ നടത്തിയ സർവ്വേ റിപ്പോർട്ടിലാണ് ഇന്ത്യ ഒന്നാമത് എത്തിയത്. വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവുമുള്ള രാജ്യം കൂടിയാണ് ഇന്ത്യ. ലോകത്തെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ ഇതിനോടകം തന്നെ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം, ടിക്ടോക്ക്, ഗൂഗിൾ സെർച്ച് ട്രെൻഡ്സ് എന്നിവയിൽ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടൈറ്റാൻ സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയത്. സർവ്വേ നടത്തുന്ന വേളയിൽ ഇന്ത്യയുടെ മനോഹാരിതയെക്കുറിച്ച് 21 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ ഭംഗിയെക്കുറിച്ചും പോസ്റ്റുകളിൽ പരാമർശിച്ചിട്ടുണ്ട്. ഈന്തപ്പനകളാൽ ചുറ്റപ്പെട്ട കടൽത്തീരങ്ങൾ, വലിയ കോട്ടകൾ, പർവതങ്ങൾ, ഹിൽ സ്റ്റേഷനുകൾ, തിരക്കേറിയ മെട്രോപൊളിറ്റൻ നഗരങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന ആകർഷണീയത. ഇത്തവണ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ജപ്പാനാണ്. 16 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ജപ്പാന്റെ പ്രകൃതി ഭംഗിയെ കുറിച്ച് പങ്കുവയ്ക്കപ്പെട്ടത്. തൊട്ടുപിന്നിലായി 15 കോടിയിലധികം ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നേടി ഇറ്റലി മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്. വർഷം മുഴുവനും വളരെ മനോഹരമായ കാലാവസ്ഥയാണ് ഇറ്റലിയുടെ പ്രധാന പ്രത്യേകത. ഇന്തോനേഷ്യ നാലാം സ്ഥാനവും, ഫ്രാൻസ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
Also Read: മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ല: അയൽകൂട്ടം അംഗങ്ങൾക്ക് 100 രൂപ വീതം പിഴ
Post Your Comments