പാലക്കാട്: സർക്കാർ വിരുദ്ധ എസ്എഫ്ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽ നിന്ന് പിൻവലിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പാലക്കാട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം ഇന്നും വാദിച്ചു. ദേശീയ മാധ്യമങ്ങളിൽ വിഷയം വലിയ തോതിൽ ചർച്ചയാവുകയും മലയാള ദിനപ്പത്രങ്ങൾ മുഖപ്രസംഗം എഴുതി പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടിനെ വിമർശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എംവി ഗോവിന്ദന്റെ നിലപാട് മാറ്റം.
മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന നിലപാടിൽ ഉറച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇന്നും പ്രതികരിച്ചത്. മാധ്യമങ്ങൾ മുഖപ്രസംഗം എഴുതിയത് കൊണ്ട് താൻ നിലപാട് മാറ്റുകയല്ല . തന്റേത് ശരിയായ നിലപാടാണ്, ധാർഷ്ട്യമല്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തത് നിയമപരമായാണ്. ആ കേസിൽ രാഷ്ട്രീയമില്ല.
എസ്.എഫ്.ഐയെയോ സർക്കാരിനെയോ വിമർശിക്കരുതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. ഗൂഢാലോചനയുടെ ഭാഗമായുള്ള റിപ്പോർട്ടിങ്ങാണ് മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജിൽ നടന്നത്. ആരെങ്കിലും വിമർശിച്ചതിന്റെ പേരിൽ നിലപാട് മാറ്റുന്നയാളല്ല താൻ. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments