ന്യൂയോര്‍ക്ക്: കേരളത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി മാതൃകാ ഭരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ലോക കേരളസഭയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി ഇന്നല്ലെങ്കില്‍ നാളെ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വന്ദേഭാരത് ട്രെയിനിന് ലഭിച്ച മികച്ച സ്വീകാര്യത ലഭിച്ചതുവഴി, അതിവേഗ ട്രെയിനിന്റെ ആവശ്യകത ആളുകള്‍ക്ക് മനസ്സിലായെന്നും ലോക കേരള സഭയുടെ ഭാഗമായി നടന്ന ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളത്. ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയ്ല്‍, കെ-ഫോണ്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങിയവ ഉദാഹരണമായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അനുമതി ലഭ്യമായില്ലെങ്കിലും നാളെ യാഥാര്‍ത്ഥ്യമാകുന്ന പദ്ധതിയാണു കെ റെയില്‍ പദ്ധതിയെന്ന്, ആര്‍ക്കും മനസ്സിലാകാത്ത ചില കാര്യങ്ങള്‍ പറഞ്ഞാണു കെ റെയിലിനെ അട്ടിമറിച്ചത്. വന്ദേ ഭാരത് നല്ല സ്വീകാര്യത ജനങ്ങളിലുണ്ടാക്കിയപ്പോഴാണു കെ റെയിലും വേണ്ടിയിരുന്നുവെന്ന ചര്‍ച്ചകളുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കേരളത്തില്‍ സര്‍വതല സ്പര്‍ശിയായ വികസനമാണു ലക്ഷ്യം. നഗരവല്‍ക്കരണം ഏറ്റവും വേഗത്തില്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇന്റര്‍നെറ്റ് ലഭ്യത ജനങ്ങളുടെ അവകാശമാണ്. അതു കെ ഫോണ്‍ വഴി കേരളത്തില്‍ സാക്ഷാത്കരിക്കപ്പെടുന്നു. ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകും. അതിനുള്ള അനുമതി കേന്ദ്രത്തില്‍നിന്നു തത്വത്തില്‍ ലഭിച്ചു കഴിഞ്ഞു. കേരളത്തിലെ റോഡുകള്‍ മികച്ചതാണ്. അരിക്കൊമ്പനെ കൊണ്ടു പോയപ്പോഴാണ് എല്ലാവരും കേരളത്തിലെ മലമ്പ്രദേശങ്ങളിലെ റോഡുകള്‍ നല്ല നിലയിലാണെന്ന് മനസ്സിലാക്കിയത്’, അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തി. അതിന് തടസ്സമാകുന്ന വിധത്തിലുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിച്ചു. തൊഴില്‍രംഗത്തെ പ്രശ്നങ്ങള്‍ തീര്‍ത്തു. നേരത്തേ എല്ലാ ട്രേഡ് യൂണിയനുകളെയും വിളിച്ചുകൂട്ടി നോക്കുകൂലി വാങ്ങുന്ന രീതി അവസാനിപ്പിക്കുകയും നിയമംമൂലം നിരോധിക്കുകയും ചെയ്തു. സംഘടനയുടെ പേരില്‍ പ്രവൃത്തി നടക്കുന്ന ഇടങ്ങളില്‍ച്ചെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയും അവസാനിപ്പിച്ചു’, മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments