തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡോക്ടറെ രോഗി ആക്രമിച്ചതായി പരാതി. ഇന്നലെ അർധരാത്രി ജനറൽ ആശുപത്രിയിലെത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്ടറെ ആക്രമിച്ചത്. പുലർച്ചെ 2.30 ഓടെയാണ് വാഹന അപകടത്തിൽ പരിക്ക് പറ്റിയ മഹേഷിനെ ആശുപത്രിയിലെത്തിച്ചത്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് അമൃത രാഗി എന്ന വനിതാ ഡോക്ടറായിരുന്നു. ചികിത്സ നൽകുന്നതിനിടെ, മഹേഷ്, ഡോക്ടറെ അസഭ്യം പറയുകയും കൈ കൊണ്ട് അടിക്കുകയുമായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായും ഡോക്ടർ ആരോപിച്ചു.
ഡോ. അമൃത രാഗിയുടെ പരാതിയിൽ പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടർമാർ പണിമുടക്കും.
Post Your Comments